ഓസ്ട്രേലിയ അല്ലാതെ മറ്റാര്; വനിതാ ടി-20 ലോകകപ്പിൽ ഓസീസിന് ആറാം കിരീടം

വനിതാ ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്ക് ആറാം കിരീടം. ഇന്ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 19 റൺസിനു വീഴ്ത്തിയാണ് ഓസ്ട്രേലിയയുടെ ആറാം കിരീടധാരണം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 156ൽ ഒതുക്കാൻ ദക്ഷിണാഫ്രിയ്ക്ക് സാധിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 137 റൺസിലൊതുങ്ങി. 61 റൺസ് നേടിയ ലോറ വോൾവാർട്ട് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി പന്തെടുത്തവരെല്ലാം തിളങ്ങി. (womens t20 australia won)
Read Also: വനിതാ ടി-20 ലോകകപ്പ് ഫൈനൽ: കലാശപോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ സൗത്ത് ആഫ്രിക്ക ഇറങ്ങും
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് നല്ല തുടക്കമല്ല ലഭിച്ചത്. ഓസീസ് ബാറ്റർമാരെ ക്രീസിൽ തളച്ചിട്ട ദക്ഷിണാഫ്രിക്കൻ ബൗളർമാർ ആദ്യ ഘട്ടത്തിൽ കളി നിയന്ത്രിച്ചു. അഞ്ചാം ഓവറിൽ അലിസ ഹീലി (20 പന്തിൽ 18) പുറത്തായതോടെ ക്രീസിലെത്തിയ ആഷ്ലി ഗാർഡ്നർ ആണ് തിരിച്ചടിക്ക് തുടക്കമിട്ടത്. 29 റൺസെടുത്ത് ഗാർഡ്നർ മടങ്ങിയതിനു പിന്നാലെ ബെത്ത് മൂണി ഓസീസ് ഇന്നിംഗ്സിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ഒരുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചുനിന്ന മൂണി 53 പന്തിൽ 74 റൺസുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയും സാവധാനമാണ് തുടങ്ങിയത്. ഓസ്ട്രേലിയൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്ക വിയർത്തു. തസ്‌മിൻ ബിറ്റ്സ് (10), മരിസൻ കാപ്പ് (11) സുനെ ലൂസ് (2) എന്നിവർ വേഗം മടങ്ങിയപ്പോൾ ലോറ വോൾവാർട്ടിൻ്റെ (61) ചെറുത്തുനില്പും ക്ലോയി ട്രയോണിൻ്റെ (25) ഇന്നിംഗ്സുമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്.
Story Highlights: womens t20 world cup australia won south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here