ലൈഫ് മിഷൻ കോഴ; സി. എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം.
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
3.38 കോടിയുടെ കോഴ ഇടപാട് കരാറിൽ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.
എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതിനിടയിൽ കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ കോഴ ഇടപാടിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ് ബിജെപിയുടെ ആരോപണം.
Read Also: ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Story Highlights: Life Mission Bribery; C.M. Raveendran in front of ED today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here