Advertisement

തൃശൂര്‍ കൈ കൊണ്ടല്ല, ഹൃദയം കൊണ്ട് തന്നെ എടുക്കും, എടുത്തുകൊണ്ടേയിരിക്കും: സുരേഷ് ഗോപി

March 1, 2023
Google News 4 minutes Read
Thrissur will be taken not by hand but by heart suresh gopi

തൃശൂര്‍ കൈകൊണ്ടല്ല ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് സുരേഷ് ഗോപി എംപി. ഹൃദയം കൊണ്ട് നിങ്ങള്‍ എനിക്ക് തൃശൂര്‍ തരണമെന്നാണ് താന്‍ പറഞ്ഞതെന്നും ഹൃദയം കൊണ്ട് താന്‍ തൃശൂരിനെ എടുക്കുമെന്നും എടുത്തുകൊണ്ടേയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നാട്ടിക എസ്. എന്‍. ട്രസ്റ്റ് സ്‌കൂളില്‍ നടന്ന പരിപാടിക്കിടെ തെരഞ്ഞെടുപ്പ് കാലത്തെ തന്റെ വൈറല്‍ പ്രസ്താവനയെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോഴാണ് പുഞ്ചിരിച്ചുകൊണ്ട് സുരേഷ് ഗോപി ഇങ്ങനെ മറുപടി പറഞ്ഞത്. (Thrissur will be taken not by hand but by heart suresh gopi)

നാട്ടിക എസ്.എന്‍.ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി സഹപാഠിയുടെ വീട് ജപ്തി ഒഴിവാക്കി എടുത്ത ആധാരം കുടുംബത്തിന് കൈമാറുന്ന പരിപാടിയ്ക്കായാണ് സുരേഷ് ഗോപി എത്തിയത്. ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ തൃശൂര്‍ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ്ഗോപി സാര്‍ ഇപ്പോള്‍ തൃശൂര്‍ ശരിക്കും എടുത്തിരിക്കുകയാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. കൈകൊണ്ട് തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന് പുഞ്ചിരിച്ചുകൊണ്ട് സുരേഷ് ഗോപി അധ്യാപികയെ സ്‌നേഹപൂര്‍വം തിരുത്തുകയായിരുന്നു. ജപ്തി നടപടികള്‍ നേരിടാനിരുന്ന കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സഹായവും സുരേഷ് ഗോപി പ്രഖ്യാപിച്ചു.

Read Also: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് സഹപാഠിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കിയത്. കുട്ടിയുടെ കുടുംബത്തിന് വീടിന്റെ ആധാരം കൈമാറാന്‍ സ്‌കൂളില്‍ ഭാര്യ രാധികക്കൊപ്പം എത്തിയതായിരുന്നു സുരേഷ്ഗോപി. ജപ്തി ഒഴിവായെങ്കിലും സുരക്ഷിതമല്ലാത്ത വീടിന്റെ അവസ്ഥ തിരിച്ചറിഞ്ഞ നടന്‍ കുട്ടിയുടെ കുടുംബത്തിന് മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ലക്ഷ്മി സുരേഷ് ഗോപി എം.പി ഇന്‍ഷിയേറ്റീവ് ട്രസ്റ്റിന്റെ പേരില്‍ നാലുലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയായിരുന്നു.

Story Highlights: Thrissur will be taken not by hand but by heart suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here