‘കോൺഗ്രസ് – സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ പൊളിച്ചടുക്കി ത്രിപുരയിലെ വോട്ടർമാർ’; പരിഹസിച്ച് കെ സുരേന്ദ്രൻ

ത്രിപുര, നാഗാലാൻഡ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ കോൺഗ്രസിനെയും സിപിഐഎമിനെയും പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ ത്രിപുരയിലെ വോട്ടർമാർ പൊളിച്ചടുക്കി എന്ന് സുരേന്ദ്രൻ പറഞ്ഞു. ത്രിപുര സുന്ദരി എപ്പോഴും “താമരത്തണലിൽ” സുരക്ഷിതയായിരിക്കും എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (surendran facebook tripura election)
Read Also: ‘ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം, താമരകുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ’; ബിജെപി സംസ്ഥാന ഘടകം
സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
അങ്ങനെ പവനായി ശവമായി, ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ പൊളിച്ചടുക്കി ത്രിപുരയിലെ വോട്ടർമാർ. സംസ്ഥാനം ഇന്നേവരെ കാണാത്ത വികസനം വെറും 5 വർഷത്തിനുള്ളിൽ സമ്മാനിച്ച ബിജെപിയെ രണ്ടാം തവണയും ജനം നെഞ്ചേറ്റി.
ഭാരതീയർ പിഴുതെറിഞ്ഞ കോൺഗ്രസ്സ് പാർട്ടിക്കും കനലൊരു തരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിറന്ന അവിശുദ്ധ “കോമാ”ളി സഖ്യത്തിനെ ആട്ടിയോടിച്ച ത്രിപുര ജനത്തിന് അഭിമാനിക്കാം, അവരുടെ ത്രിപുര സുന്ദരി എപ്പോഴും “താമരത്തണലിൽ” സുരക്ഷിതയായിരിക്കും .
പണം കൊടുത്തു വാങ്ങിയ മീഡിയ, സെലബ്രിറ്റികൾ, PR വർക്ക്, ഇവന്റ് മാനേജ്‌മന്റ് ടീം എന്നിവരുമായി ഭാരതം മുഴുവൻ ടൂർ നടത്തി, പിന്തിരിപ്പൻ ആശയ വാഹകരും, വികസന വിരോധികളുമായ സിപിഎമ്മിനെയും കൂട്ടുപിടിച്ച്, വടക്കു-കിഴക്കൻ മേഖല ഇപ്പോൾ പിടിച്ചെടുക്കും എന്ന് കരുതിയ സ്വയം പ്രാഖ്യാപിത ഭാവി പ്രധാനമന്ത്രിയ്ക്കും , സ്വയം പ്രഖ്യാപിത ദേശീയ പാർട്ടി സിപിഎമ്മിനും തലയ്‌ക്കേറ്റ പ്രഹരം ആണ് ഈ ജനവിധി.
പൊതുജനം കഴുതയല്ല അവരാണ് ഭാവി നിർണ്ണയിക്കുന്നത്, അവരാണ് രാജാവ്.
ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുന്നവർക്കുള്ള ഏക ക്യാപ്സ്യൂൾ ആയിരുന്നു “ഹിന്ദുവർഗ്ഗീയത”. 90% ക്രൈസ്തവ വോട്ടർമാരുള്ള നാഗാലാൻഡിലെ ബിജെപിയുടെ വമ്പൻ വിജയത്തോടെ പൊതുജനം ഇത് പൊളിച്ചടുക്കിയിരിക്കുന്നു. നിങ്ങൾ ഇനി എന്ത് ക്യാപ്സൂൾ പടച്ചുണ്ടാക്കി വിടും? “സബ്കാ സാത്ത് സബ്കാ വികാസ് സബ്‌ക വിശ്വാസ് സബ്‌ക പ്രയാസ്” ആണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയം എന്ന് ഈ ജനവിധി നിർവ്യാജം തെളിയിച്ചു കഴിഞ്ഞു.
Story Highlights: k surendran facebook post tripura election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here