പടക്കം തെറിച്ച് കാറിൽ വീണു; ചോദ്യം ചെയ്തയാളെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം

കാഞ്ഞങ്ങാട് മുസ്ലിം ലീഗ് പരിപാടിക്കിടെ സമീപത്തെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ ആക്രമണമെന്ന് ആരോപണം. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം കുടുംബം സഞ്ചരിച്ച കാറിലേക്ക് തെറിച്ചുവീണു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബേക്കൽ സ്വദേശി സലിമിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. മുസ്ലിം ലീഗിൻ്റെ പുതിയ ജില്ലാ ഭാരവാഹികൾക്ക് കാഞ്ഞങ്ങാട് വച്ച് സ്വീകരണം നൽകിയിരുന്നു. ഈ പരിപാടിക്കിടെ ഉദ്ഘാടകൻ കെഎം ഷാജി വേദിയിലേക്കെത്തി. ഈ സമയത്ത് പ്രവർത്തകർ റോഡിൽ വച്ച് പടക്കം പൊട്ടിച്ചു. പടക്കം പൊട്ടിക്കുന്നതിനിടെ ഇത് സലിമും കുടുംബവും സഞ്ചരിക്കുന്ന കാറിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സലിമിൻ്റെ മാതാവും കുട്ടികളും ഉൾപ്പെടെ കാറിലുണ്ടായിരുന്നു. തുടർന്ന് സലിം ഇത് ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് പ്രവർത്തകർ സലിമിനെ ആക്രമിച്ചത്. സലിമിനെ കാറിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പൊലീസിൻ്റെ സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നു. ഹോസ്ദുർഗ് പൊലീസിൽ പരാതിനൽകുമെന്ന് സലിം അറിയിച്ചു.
Story Highlights: muslim league attack family kanhangad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here