യൂട്യൂബ് നോക്കി പ്രസവിച്ച ശേഷം പെൺകുട്ടി നവജാതശിശുവിനെ കൊന്നു

ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു. പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. 15 കാരി തന്റെ വീട്ടിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അംബജാരി പ്രദേശത്തെ താമസക്കാരിയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി കുടുംബത്തോട് മറച്ചുവച്ചു. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരുന്നത്. മാർച്ച് 2 ന് ഒരു പെൺകുട്ടിക്ക് ജന്മം നൽകി.
യൂട്യൂബ് വീഡിയോകൾ നോക്കിയാണ് 15 കാരി പ്രസവിച്ചത്. ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചു. ആരോഗ്യം വഷളായതോടെ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു, പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ പെൺകുട്ടിയുടെ നില ഗുരുതരമാണ്. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Story Highlights: Nagpur Teen Gives Birth After Watching Online Videos, Kills Baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here