പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഫെബ്രുവരി 25 ന് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാങ്കേതിക തകരാറുകൾ മൂലം പരാജയമായി മാറിയ ഡിജിറ്റൽ വോട്ടിംഗ് സംവിധാനം പുനഃക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്മീഷൻ പറഞ്ഞു. ഡിജിറ്റൽ വോട്ടിംഗ് സംവിധാനത്തിലെ തകരാറുകൾ വലിയ വിവാദങ്ങൾക്കും അന്താരാഷ്ട്ര വിമർശനത്തിനും വഴിവച്ചിരുന്നു.
അതേസമയം ഡിജിറ്റൽ ടാബ്‌ലെറ്റുകൾ പരിശോധിക്കണമെന്ന പ്രതിപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും അഭ്യർത്ഥന നേരത്തെ അപ്പീൽ കോടതി തള്ളിയിരുന്നു. പ്രസിഡൻഷ്യൽ പോളിംഗിന് ശേഷം പല പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫലങ്ങൾ പൊതു വെബ്‌സൈറ്റിലേക്ക് കൈമാറിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസ് പാർട്ടി ഫലങ്ങളിൽ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം.
Story Highlights: Nigeria postpones state elections amid dispute over presidential vote