ക്ഷേത്രോത്സവത്തിനിടെ രഥത്തിൽ ഘടിപ്പിച്ച ജനറേറ്ററിൽ മുടി കുടുങ്ങി; 13കാരിക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസുകാരിക്ക് ദാരുണാന്ത്യം. കാഞ്ചീപുരം സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു ഗ്രാമത്തിലെ ക്ഷേത്രോത്സവം. പ്രതിഷ്ഠയെ ആളുകൾ രഥത്തിൽ കയറ്റുമ്പോൾ ഡീസൽ ജനറേറ്റർ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിൻഭാഗത്ത് വച്ചിരുന്നു. രാത്രി 10 മണിയോടെ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററിൽ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ജനറേറ്റർ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകൾ കേട്ടത്. ഉടൻ തന്നെ ലാവണ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് ശേഷം കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ലാവണ്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച ലാവണ്യ മരണത്തിന് കീഴടങ്ങി. മഗറൽ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ജനറേറ്റർ ഓപ്പറേറ്റർ മുനുസാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
Read Also: കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ചൊവ്വാഴ്ച ലാവണ്യയുടെ സംസ്കാര ചടങ്ങ് നടന്നു. മൂന്ന് വർഷം മുമ്പ് ലാവണ്യയുടെ അമ്മയും മരിച്ചിരുന്നു. അച്ഛൻ ശരവണൻ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ലാവണ്യയും ഇളയ സഹോദരൻ ഭുവനേഷും (9) അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായ കാണ്ഡീപൻ, ലത എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.
Story Highlights: 13-year-old girl dies as hair gets stuck in generator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here