‘ജയരാജൻ സഖാവ് പോലും അത് ശരിയാണെന്ന് പറയില്ല’; കലശം വരവ് വിവാദത്തിൽ രാഹുൽ ഈശ്വർ

ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. മതപരമായ ഉത്സവങ്ങളിൽ നിന്ന് രാഷ്ട്രീയം മാറ്റി നിർത്തേണ്ടതാണെന്ന് രാഹുൽ ഈശ്വർ ട്വന്റിഫോറിനോട് പറഞ്ഞു. ( rahul easwar about kalasham varavu p jayarajan )
‘പി.ജയരാജനെ എനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ്. പക്ഷേ കലശം വരവിലും ഘോഷയാത്രയിലുമൊന്നും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ, അത് ഇടതാകട്ടെ വലതാകട്ടെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അനാവശ്യമായ ഇടത്തേക്ക് രാഷ്ട്രീയം വലിച്ചിടേണ്ട ആവശ്യമില്ല. ക്ഷേത്രോത്സവം, മസ്ജിദോത്സവം എന്നിവിടങ്ങളിൽ രാഷ്ട്രീയം വേണ്ടതില്ല. ദൈവീക തലത്തിലേക്ക് മനുഷ്യരെ ഉയർത്തുന്നത് ശരിയല്ല. ജയരാജൻ സഖാവ് പോലും അത് ശരിയാണെന്ന് പറയില്ല’- രാഹുൽ ഈശ്വർ പറഞ്ഞു
കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്രക്കിടെയാണ് കലശം വരവ് നടക്കുന്നത്. അതിനിടെയാണ് പാട്യം നഗറിലെ സിപിഐഎം അനുഭാവികൾ കലശം വരവിനിടെ പി ജയരാജന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്. നേരത്തെ വ്യക്തി ആരാധന വിവാദത്തിൽ പാർട്ടിയിൽ വലിയ പ്രതിസന്ധി നേരിട്ട വ്യക്തിയാണ് പി ജയരാജൻ്. അതിന് പിന്നാലെ താക്കീതും മറ്റു നടപടികളുമൊക്കെ ഉണ്ടാവുകയും ചെയ്തതാണ്.
Read Also: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിവാദം
ഇതിന് പിന്നാലെയാണ് നിലവിലെ വിവാദം. വിഷയത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു. പേരെടുത്ത് പറയുന്നില്ലെങ്കിൽ കൂടിയും ഇക്കാര്യത്തിൽ നേതാക്കളുടെ ചിത്രങ്ങളൊക്കെ വരുന്നത് ഉചിതമല്ലെന്നും എം.വി ജയരാജൻ വിശദീകരിച്ചു.
Story Highlights: rahul easwar about kalasham varavu p jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here