സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ

സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. മാർച്ച് 29ന് ശേഷം ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടർക്ക് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. സർക്കാർ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും 28ന് ശേഷം ലഭിക്കുന്ന ബില്ലുകൾ ക്യൂവിലേക്ക് മാറ്റും. ഈ ബില്ലുകൾ മാർച്ച് 31നകം മാറില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം. ( kerala state treasury )
സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച്് 31ന് അർധരാത്രി വരെ ട്രഷറി പ്രവർത്തിക്കുമെങ്കിലും ബില്ലുകൾ പാസാക്കാനാകില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ബില്ലുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എല്ലാ വകുപ്പുമേധാവികളും ഓഫീസർമാരും മാർച്ച് 29 അഞ്ചു മണിക്ക് മുമ്പായി ബില്ലുകളും ചെക്കുകളും ട്രഷറിയിൽ സമർപ്പിക്കണം. ഇതിനുശേഷമുള്ള ഒരു ബില്ലും അംഗീകരിക്കുകയില്ല. ബജറ്റ് വിഹിതം അനുസരിച്ചുള്ള അലോട്ട്മെന്റ് ലെറ്ററുകൾ മാർച്ച് 25ന് ബന്ധപ്പെട്ട ട്രഷറികളിൽ സമർപ്പിക്കണം. ഇതിൽ മാറ്റം വരുത്തിയ നിർദ്ദേശങ്ങൾ ധനകാര്യ വകുപ്പ്് അംഗീകരിക്കില്ല. തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും സ്വയം ഭരണ സ്ഥാപനങ്ങളും 28ന് ശേഷം ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ ട്രഷറി ക്യൂവിലേക്ക് മാറ്റും.
ബില്ലുകൾ സമർപ്പിക്കുന്ന സമയം തന്നെ ടോക്കൺ കൂടി നൽകും. ഈ ടോക്കണിന്റെ അടിസ്ഥാനത്തിലാകും ബില്ലുകൾ മാറുന്നതിന് മുൻഗണന നൽകുക. ഈ സാമ്പത്തിക വർഷം ഈ ബില്ലുകൾ മാറില്ലെന്നും അടുത്ത സാമ്പത്തിക വർഷമായിരിക്കും ബില്ലുകൾ മാറുകയെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. വിതരണം പൂർത്തിയാക്കാത്തതോ അന്തിമ വൗച്ചർ ഇല്ലാത്തതോ ആയ ബില്ലുകൾ അംഗീകരിക്കില്ല. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചത്. പദ്ധതി ചെലവുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ തുക ട്രഷറിയിൽ നിന്നും പിൻവലിക്കുന്നത് മാർച്ച് മാസത്തിലാണ്. ഇരുപതിനായിരം കോടിയോളം രൂപയാണ് ഈ മാസം സർക്കാരിന് വേണ്ടത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ബില്ലുകൾ ട്രഷറി ക്യൂവിലേക്ക് മാറ്റാനാണ് നീക്കം.
Story Highlights: kerala state treasury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here