ഡൽഹി മദ്യനയ അഴിമതി കേസ്: ഇഡി നോട്ടീസിൽ നിയമോപദേശം തേടി കെ. കവിത

ഡൽഹി മദ്യനയ അഴിമതി കേസിൽ കെ. കവിതയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡിയുടെ നോട്ടീസിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളുമായി ബിആർഎസ്. നിയമവിദഗ്ദ്ധരുമായി കവിത ചർച്ച നടത്തി. ഹർജി സുപ്രിം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ല എന്നാണ് കവിതയുടെ നിലപാട്. ഹാജരാകാൻ വീണ്ടും ഇഡി നോട്ടീസ് അയച്ചത് തള്ളിയ പശ്ചാത്തലത്തിലാണ് വീണ്ടും നിയമോപദേശം തേടിയത്. Liquor Policy Scam: K Kavita seeks legal advice on ED notice
ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമോ എന്ന ആശങ്ക ബിആർഎസിന് ഉണ്ട്. മുതിർന്ന നേതാക്കളോട് ഡൽഹിയിലെത്താൻ കഴിഞ്ഞ ദിവസം തന്നെ പാർട്ടി നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് ബിആർഎസിന്റെ തീരുമാനം. തിങ്കളാഴ്ച കവിത ഇഡിക്ക് മുൻപിൽ ഹാജരാകുന്നതിന് മുൻപായി പരമാവധി പ്രവർത്തകരെ ഡൽഹിയിലെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസിനെതിരെ കവിത സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു സ്ത്രീയെ ഇഡി ഓഫീസിലേക്ക് വിളിപ്പിക്കാമോ എന്ന് കവിതയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാനദണ്ഡമനുസരിച്ച്, ഒരു സ്ത്രീയെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിക്കാൻ കഴിയില്ലെന്നും അവരുടെ വസതിയിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും പറഞ്ഞു. ഹർജി മാർച്ച് 24ന് പരിഗണിക്കും.
അതേസമയം കെ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ലയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിൽ ഉള്ള മനീഷ് സിസോദിയ, അരുൺ രാമചന്ദ്രപിള്ള എന്നിവരെ കവിതയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കഴിഞ്ഞ ശനിയാഴ്ച ഇഡി കവിതയെ ചോദ്യം ചെയ്തിരുന്നു. ഒൻപത് മണിക്കൂറോളം നീണ്ട ഈ ചോദ്യം ചെയ്യലിൽ മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിൽ നിന്ന് കവിത ഒഴിഞ്ഞുമാറിയതായി ഇഡി പറഞ്ഞിരുന്നു.
Story Highlights: Liquor Policy Scam: K Kavita seeks legal advice on ED notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here