‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചുവടുവച്ച് ജർമ്മൻ അംബാസഡറും എംബസി ജീവനക്കാരും | VIDEO

രാജമൗലിയുടെ സംവിധാനത്തിൽ എൻടിആറും രാം ചരണും ഒന്നിച്ചഭിനയിച്ച മൾട്ടിസ്റ്റാർ ചിത്രമാണ് ‘ആർആർആർ’. സിനിമയ്ക്കായി എം.എം കീരവാണി ഒരുക്കിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ലോകത്തുണ്ടാക്കിയ തരംഗത്തെ പറ്റി പറയേണ്ടതില്ലല്ലോ. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഓസ്‌കാർ നേടിയ ‘നാട്ടു നാട്ടു’ ചരിത്രമായി മാറി. രാജ്യം മുഴുവൻ ആഹ്ലാദത്തിലാണ്, നാട്ടു നാട്ടു ഗാനത്തിനൊപ്പം ചുവടുവച്ച് നിരവധിപേർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഇപ്പോഴിതാ ദക്ഷിണ കൊറിയൻ എംബസിക്ക് പിന്നാലെ, ട്രെൻഡിംഗ് ട്രാക്കിനൊപ്പം നൃത്തം ചെയുന്ന ജർമ്മൻ അംബാസഡറുടേയും എംബസി ജീവനക്കാരുടേയും വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡോ ഫിലിപ്പ് അക്കർമാൻ ആണ് വൈറലായ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
Germans can't dance? Me & my Indo-German team celebrated #NaatuNaatu’s victory at #Oscar95 in Old Delhi. Ok, far from perfect. But fun!
— Dr Philipp Ackermann (@AmbAckermann) March 18, 2023
Thanks @rokEmbIndia for inspiring us. Congratulations & welcome back @alwaysRamCharan & @RRRMovie team! #embassychallange is open. Who's next? pic.twitter.com/uthQq9Ez3V
2 മിനിറ്റിലധികം ദൈർഘ്യമുള്ള ക്ലിപ്പിൽ, നീല കുർത്ത ധരിച്ച് ചാന്ദ്‌നി ചൗക്കിലൂടെ നടക്കുന്ന അക്കർമാൻ ഒരു വ്യാപാരിയോട് ഇന്ത്യ ലോകപ്രശസ്തമാണോ എന്ന് ചോദിക്കുന്നു. പെട്ടെന്ന് ഒരാൾ ‘നാട്ടു നാട്ടു’ ഗാനം പ്ലേ ചെയ്യുന്നതും ജർമ്മൻ എംബസി ജീവനക്കാർ തെരുവിലിറങ്ങി നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം. പ്രചോദനത്തിന് കൊറിയൻ എംബസിയോട് നന്ദി പറഞ്ഞ അക്കർമാൻ, മറ്റ് എംബസികളെ വെല്ലുവിളിക്കുകയും ചെയുന്നുണ്ട്.
അടുത്തിടെ കൊറിയൻ എംബസിയുടെ ഔദ്യോഗിക പ്രതിനിധി ചാങ് ജെ-ബാക്കും 50 ഓളം കൊറിയൻ-ഇന്ത്യൻ എംബസി ജീവനക്കാരും പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
Story Highlights: German Embassy Ambassador, staff dance to Naatu Naatu in Delhi’s Chandni Chowk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here