Advertisement

‘നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്, അധിക്ഷേപ വര്‍ഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക; കെ.കെ രമ

March 22, 2023
3 minutes Read
KK Rema MLA responded to abusive remarks over her injury

അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ കെ രമ എംഎല്‍എ. നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ക്രൂരമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സിപിഐഎം അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്നാണ് വ്യാപകമായി അധിക്ഷേപങ്ങളുണ്ടായത്. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ തനിക്കിത് ആദ്യത്തെ അനുഭവമല്ലെന്നും കെ കെ രമ കുറിച്ചു.(KK Rema MLA responded to abusive remarks over her injury)

‘കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടു. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററില്‍ തുടരണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ആദ്യം പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകള്‍ക്കകം സി.പി.എം അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവര്‍ഷമായിരുന്നു. നിയമസഭയിലെ സംഭവങ്ങളുടെ ആരംഭം മുതല്‍ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങള്‍ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടതു കയ്യിലെ പ്ലാസ്റ്റര്‍ വലതുകൈക്ക് മാറിയെന്നും, പ്ലാസ്റ്റര്‍ ഒട്ടിച്ചത് ഷാഫി പറമ്പില്‍ എം.എല്‍.എ ആണെന്നും തുടങ്ങി നുണകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങളുടെയും ആക്ഷേപങ്ങളുടെയും ക്രൂരമായ വേട്ടയാടലുകള്‍ തുടയുകയാണിപ്പോഴും. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല.

എന്നാല്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളിലൊരാള്‍, നിയമസഭയില്‍ നിത്യേന കാണുന്ന സഹപ്രവര്‍ത്തകരിലൊരാള്‍ തന്നെ ഈ അധിക്ഷേപ വര്‍ഷത്തിന് നേതൃത്വം നല്‍കിയത് സൃഷ്ടിച്ച ഒരു അമ്പരപ്പും നിരാശയുമുണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അത് മറികടന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബര്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുമായിരുന്നു.

Read Also: കെ.കെ രമയ്ക്കെതിരെ സി.പി.ഐ.എം അസഭ്യവർഷം ചൊരിയുന്നു; ടി.സിദ്ദിഖ്

ആക്രമിക്കുന്നത് സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കില്‍ പരിക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാന്‍ പോലും അനുവദിക്കില്ലെന്ന നിഷ്ടൂരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്? പരിക്കേറ്റയാളുടെ ചികിത്സയില്‍ ബോധപൂര്‍വ്വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തില്‍ പരസ്യമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിനേറ്റ വേദനയെക്കാള്‍ വലിയ വേദനയും മുറിവുമാണ് അവരില്‍ അത് ബാക്കിയാകുന്നത്.

ഇന്നിപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാന്‍ കഴിയില്ലല്ലോ!!.. പ്രിയരേ,നിങ്ങള്‍ ഇനിയും നിങ്ങളുടെ അധിക്ഷേപ വര്‍ഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക.നന്ദി…’. എംഎല്‍എ കുറിച്ചു.

Story Highlights: KK Rama MLA responded to abusive remarks over her injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top