അന്ന് രാഹുൽ ഗാന്ധി കീറിയെറിഞ്ഞു ; ഇന്ന് വിനയായത് അതേ ഓർഡിനൻസ്

രാഹുൽ ഗാന്ധി ലോക്‌സഭാംഗത്വത്തിന് അയോഗ്യനാകുമ്പോൾ രാജ്യം ചർച്ച ചെയ്യുന്ന സപ്രധാനമായൊരു സുപ്രിം കോടതി വിധിയുണ്ട്. 2019 ൽ അന്തരിച്ച സുപ്രിം കോടതിയിലെ മലയാളി അഭിഭാഷകയായിരുന്ന ലില്ലി തോമസ് പൊരുതി നേടിയ വിധിയാണ് അത്. 2001ലെ പി ജയരാജൻറെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളാണ് ലില്ലി തോമസിൻറെ കേസിന് കാരണമായത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(4) അനുസരിച്ച് ക്രിമിനൽ കേസിൽ രണ്ടോ അതിൽ കൂടുതൽ വർഷമോ ശിക്ഷിക്കപ്പെട്ടാലും അയോഗ്യതാ നടപടികളിൽ ജനപ്രതിനിധികൾക്ക് മൂന്ന് മാസം സാവകാശം ഉണ്ടായിരുന്നു. ഈ വകുപ്പാണ് 2013ൽ ലില്ലി തോമസ് കേസിലെ വിധിയിലൂടെ സുപ്രിം കോടതി റദ്ദാക്കിയത്. ഇതോടെ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ തന്നെ അയോഗ്യത എന്നായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ലില്ലി തോമസ് സുപ്രീം കോടതിയിലെ ആദ്യ മലയാളി വനിതാ അഭിഭാഷകയാണ്. 2004ൽ എംപിമാരായവരിൽ 24 ശതമാനം പേർക്കും ക്രിമിനൽ പശ്താത്തലമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് 2005ലാണ് ലിലി തോമസ് ആദ്യമായി സുപ്രീം കോടതിയെ സമീപിച്ചത്. 2001ൽ കൂത്തുപറമ്പിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി ജയരാജൻറെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയിരുന്നു. എങ്കിലും ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. 2005ൽ ഉപതെരഞ്ഞെടുപ്പിലും 2006ലെ പൊതു തെരഞ്ഞെടുപ്പിലും ജയരാജൻ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ഇതും കേസിൽ ചർച്ചയായി.
Read Also: അയോഗ്യനായ രാഹുല്‍ ഗാന്ധി; ഈ കുരുക്കില്‍ അകപ്പെട്ടതെങ്ങനെ? 24 Explainer
മൂന്നുമാസത്തെ സാവകാശം മുതലെടുത്ത് ജനപ്രതിനിധികൾ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതി അന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് അന്ന് 86 വയസ്സുണ്ടായിരുന്ന ലില്ലി തോമസ് നിയമ പോരാട്ടം ആരംഭിച്ചത്. മൂന്നാമത്തെ പരാതിയാണ് കോടതി സ്വീകരിച്ചത്. 2013ലെ സുപ്രിം കോടതി വിധി പ്രകാരം ആദ്യമായി എംപി സ്ഥാനം നഷ്ടപ്പെട്ടത് റഷീദ് മസൂദ് എംപിക്കാണ്. യു.പി.എ സർക്കാർ മൂന്ന് മാസം സാവകാശം പുനസ്ഥാപിക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അതിനെതിരെ ലില്ലി തോമസ് റിവ്യൂ പെറ്റിഷൻ തയാറാക്കി വെച്ചെങ്കിലും അത് കോടതിയിൽ ഫയൽ ചെയ്യേണ്ടി വന്നില്ല. കാരണം യു.പി.എ സർക്കാരിന്റെ ഓർഡിൻസ് ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് അത് പൊതു മധ്യത്തിൽ രാഹുൽ ഗാന്ധി തന്നെ കീറിയെറിഞ്ഞു.
Story Highlights: Lily Thomas SC Verdict Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here