Advertisement

യുവ ഐപിഎസുകാരൻ കട്ടിംഗ് പ്ലയർ കൊണ്ട് പല്ലുകൾ പിഴുതെടുത്തു, രണ്ട് പേരുടെ വൃഷണം ചതച്ചു; ആരോപണവുമായി 10 യുവാക്കൾ

March 27, 2023
3 minutes Read
10 youths from TN claim IPS officer removed their teeth; probe underway

യുവ ഐപിഎസുകാരൻ കട്ടിംഗ് പ്ലയർ കൊണ്ട് പല്ലുകൾ പിഴുതെടുത്തുവെന്നും രണ്ട് പേരുടെ വൃഷണം ചതച്ചുവെന്നും ആരോപിച്ച് 10 യുവാക്കൾ രം​ഗത്ത്. തമിഴ്‌നാട്ടിലെ അംബാസമുദ്രം പൊലീസ് ഡിവിഷനിലാണ് സംഭവം. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ്‌പി) ബൽവീർ സിംഗ് ഐപിഎസിനെതിരെയാണ് ​ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. വിവാഹ തർക്കവുമായി ബന്ധപ്പെട്ട് പിടികൂടിയ 10 ബന്ധുക്കളോടാണ് ബൽവീർ സിംഗ് ക്രൂരമായി പെരുമാറിയത്. ( 10 youths from TN’s Ambasamudram claim IPS officer removed their teeth; probe underway ).

ചേരൻമഹാദേവി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ സബ് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി തിരുനെൽവേലി കളക്ടർ കെ.പി കാർത്തികേയൻ അറിയിച്ചു. ഐഐടി ബോംബെയിൽ നിന്ന് ബിഇ ബിരുദം നേടിയ 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബൽവീർ സിംഗ്. 2022 ഒക്‌ടോബർ 15നാണ് ഇദ്ദേഹം അംബാസമുദ്രം പൊലീസ് ഡിവിഷനിൽ എഎസ്‌പിയായി ചുമതലയേറ്റത്.

പ്രണയബന്ധത്തെ ചൊല്ലിയുള്ള സംഘർഷം, പണം കടം കൊടുക്കൽ, സിസിടിവി ക്യാമറകൾ തകർക്കൽ, വിവാഹ തർക്കം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് 10 യുവാക്കളെയും അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതൽ അറിയാമായിരുന്നുവെന്നും അവർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ ഈ യുവാക്കൾക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പീഡനം നടക്കുമ്പോൾ ഈ പൊലീസ് ഉദ്യോ​ഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നു.

Read Also: വൈറലായി യു.പിയിലെ ഐപിഎസുകാരന്റെ കൈക്കൂലി വിഡിയോ; ‘നടപടിയില്ലേ ബിജെപി സര്‍ക്കാരേ’ എന്ന് അഖിലേഷ് യാദവ്

അംബാസമുദ്രം പൊലീസ് സ്‌റ്റേഷനിൽ വെച്ച് തന്നെയും രണ്ട് സഹോദരന്മാരെയും ഉപദ്രവിച്ചുവെന്നും പല്ല് പറിച്ചെടുത്ത് പീഡിപ്പിച്ചുവെന്നും ചെല്ലപ്പ എന്ന യുവാവ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തിയിരുന്നു. യൂണിഫോം ഈരിയ ശേഷം ഷോർട്ട്‌സും ഗ്ലൗസും ധരിച്ചുകൊണ്ടാണ് ക്രൂര മർദനം ആരംഭിച്ചതെന്ന് ചെല്ലപ്പയും സഹോദരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇവർ ശിവന്തിപുരത്ത് മട്ടൺ സ്റ്റാൾ നടത്തുന്നവരാണ്.

വിവാഹത്തെച്ചൊല്ലിയാണ് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചേരി തിരിഞ്ഞ് തർക്കമുണ്ടായത്. തുടർന്നാണ് അംബാസമുദ്രം പൊലീസ് സ്‌റ്റേഷനിൽ 10 പേരെ കൊണ്ടുവന്നത്. പല്ലുകൾ പറിച്ചെടുത്തുവെന്നും വായിൽ മണ്ണ് തിരുകിക്കയറ്റിയ ശേഷം ചുണ്ടുകൾ അടിച്ചു പൊട്ടുവെന്നും പരുക്കേറ്റവർ വെളിപ്പെടുത്തുന്നു. തന്റെ മൂന്ന് പല്ലുകളാണ് പ്ലെയർ കൊണ്ട് പറിച്ചെടുത്തതെന്ന് മർദനമേറ്റ ഒരാൾ പറഞ്ഞു.

ഈയിടെ വിവാഹം കഴിഞ്ഞ മാരിയപ്പൻ എന്നയാളെ മർദിക്കാൻ തുടങ്ങിയപ്പോൾ ഒപ്പമുള്ളവർ യുവ ഐപിഎസുകാരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. നവ വരനാണെന്നും അയാളെ മർദിക്കരുതെന്നും ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും സിങ് മർദനം തുടരുകയായിരുന്നു. തുടർന്നാണ് ഇയാളുടെ വൃഷണം അടിച്ച് ചതച്ച് കൊടും ക്രൂരക കാട്ടിയത്. ആക്രമണത്തിൽ മാരിയപ്പന് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് നേതാജി സുഭാഷ് സേനയും പുരട്ചി ഭാരതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ പ്രതിഷേധം ആരംഭിച്ചു.

Story Highlights: 10 youths from TN’s Ambasamudram claim IPS officer removed their teeth; probe underway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement