ഈ ഫംഗസ് ബാധ ലോകത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്; വൈറസുകള്‍ക്ക് ശേഷം മനുഷ്യകുലത്തിന് ഭീഷണി ഫംഗസോ?

വൈറസും ബാക്ടീരികയകളും ഫംഗസുകളും പെരുകി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന് മനുഷ്യരാശി തന്നെ നാമാവശേഷമായിപ്പോകുന്നതായുള്ള ഒരു ലോകാവസാനം പ്രമേയമാക്കി ഒരുപിടി സാഹിത്യസൃഷ്ടികള്‍ ലോകത്തുണ്ടായിട്ടുണ്ട്. മനുഷ്യര്‍ ചെറുതായിപ്പോകുകയും രോഗങ്ങള്‍ വലുതായി നില്‍ക്കുകയും ചെയ്യുന്ന ഒരു ദുഃസ്വപ്‌നം കൊവിഡിന് ശേഷം ലോകത്തെങ്ങുമുള്ള മനുഷ്യരിലേക്ക് പടര്‍ന്നിട്ടുണ്ട്. ഈ പ്രമേയത്തിലുള്ള ദി ലാസ്റ്റ് ഓഫ് അസ് എന്ന നെറ്റ്ഫഌക്‌സ് സീരിസ് വ്യാപകമായി ചര്‍ച്ചയാകുന്നുമുണ്ട്. മുന്‍പെങ്കും കേട്ടുകേള്‍വിയില്ലാത്ത വൈറസുകളുടെ വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് കൊല്‍ക്കത്തയില്‍ നിന്നും ലോകത്തിലെ എല്ലാ ആരോഗ്യ വിദഗ്ധരുടേയും ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു വാര്‍ത്ത വന്നത്. കൊല്‍ക്കത്തയില്‍ ലോകത്താദ്യമായി ഒരാള്‍ക്ക് അതി മാരകമായ ഒരിനം സസ്യ ഫംഗസ് ബാധിച്ചെന്നാണ് വാര്‍ത്ത. സസ്യ ഫംഗസുകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിവന്നിരുന്ന കൊല്‍ക്കത്തയിലെ ഒരു 61 വയസുകാരനിലേക്ക് താന്‍ നിരീക്ഷിച്ചുവന്നിരുന്ന അത്യന്തം അപകടകാരിയായ ഒരു ഫംഗസ് കടന്നെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുകയാണ്. ഫംഗസുകളിലൂടെയാകുമോ മനുഷ്യരാശിയുടെ അന്ത്യമെന്ന ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞ പശ്ചാത്തലത്തില്‍ ഈ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കാം. (Kolkata man is world’s first human to be infected by killer plant fungus)
ഫംഗസ് ബാധ സ്ഥിരീകരിച്ച പ്രക്രിയ എങ്ങനെയായിരുന്നു?
മൂന്ന് മാസത്തോളം നീണ്ടുനിന്ന ക്ഷീണവും തൊണ്ടവേദനയും ഭക്ഷണം വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ടുമായാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള പ്ലാന്റ് മൈക്കോളജിസ്റ്റ് വൈദ്യ സഹായം തേടുന്നത്. ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്റെ എക്‌സ്‌റേ, സിടി സ്‌കാന്‍ എന്നിവ എടുത്തു. എക്‌സ് റേയില്‍ അസാധാരണമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും സി ടി സ്‌കാനില്‍ ഇദ്ദേഹത്തിന്റെ കഴുത്തില്‍ ചെറിയ പാരാട്രാഷ്യല്‍ മുഴ കണ്ടെത്തി. ശ്വാസനാളത്തെ തടസപ്പെടുത്തുകയും ജീവന്‍ അപകടപ്പെടുത്തുന്ന അണുബാധകളിലേക്ക് നയിക്കുകയും ചെയ്യാനിടയുള്ള ഫംഗസ് ആണിതെന്ന് ലാബുകളിലെ പരിശോധനയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ഏതാണ് ഈ അപകടകാരിയായ പ്ലാന്റ് ഫംഗസ്?
കോന്‍ഡ്രോസ്‌റ്റെറിയം പര്‍പ്യൂറിയം എന്ന ഫംഗസ് ചെടികളില്‍ വെള്ളി ഇല രോഗമുണ്ടാക്കുന്ന അപകടകാരിയായ ഫംഗസാണ്. ചെടിയില്‍ നിന്നുള്ള ഒരു വൈറസ് മനുഷ്യരിലേക്ക് പകരുന്നത് ഇത് ലോകത്തിലെ ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോര്‍ട്ട്.
ഫംഗസ് ബാധയേറ്റ ആളിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
രോഗിയ്ക്ക് ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഫോളോഅപ്പിന് ശേഷം, രോഗി പൂര്‍ണ്ണമായും സുഖം പ്രാപിച്ചു. ഇയാള്‍ക്ക് വീണ്ടും രോഗം തിരിച്ചുവരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
മനുഷ്യരാശിയുടെ അന്ത്യം ഫംഗസിലൂടെയാകുമോ?
ഫംഗസുകളെക്കുറിച്ച് മനുഷ്യര്‍ വല്ലാതെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് സൂവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ എ യു അരുണ്‍ ട്വന്റിഫോറിനോട് പറയുന്നത്. മനുഷ്യര്‍ ഫംഗസുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ആദ്യത്തെ സംഭവമല്ല. പഴകിയ ബ്രെഡ്, കരിമ്പനുള്ള തുണികള്‍ തുടങ്ങി മനുഷ്യര്‍ ഫംഗസുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാറുണ്ട്. വൈറസുകളെപ്പോലെ വ്യാപന ശേഷി ഫംഗസുകള്‍ക്കില്ല. കൊവിഡ് വൈറസ് പോലെയൊക്കെ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യതയോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയോ ഫംഗസിന് തീരെക്കുറവാണ്. ശ്വസന നാളത്തിലേക്ക് നേരിട്ട് കടന്ന് ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്ക് സസ്യത്തില്‍ നിന്നുള്ള മാരക വൈറസ് വ്യാപിച്ച കൊല്‍ക്കത്തയിലെ സംഭവം ഒരു അപൂര്‍വ സംഭവമായേ കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
കൊല്‍ക്കത്തയിലെ ഫംഗസ് ബാധ ഒരു മുന്നറിയിപ്പാണോ?
കൊല്‍ക്കത്തയില്‍ ഫംഗസ് ബാധയേറ്റ വ്യക്തി ഫംഗസുകളെ ഒരു നിശ്ചിത പരിസരത്തുവച്ച് നിരീക്ഷിച്ചുവരികയായിരുന്നു. വളരെ ഉയര്‍ന്ന അളവില്‍ കൂടുതല്‍ നേരം ഈ വ്യക്തി ഫംഗസുകളുമായി സമ്പര്‍ക്കത്തിലായത് കൊണ്ടാകാം അദ്ദേഹത്തിലേക്ക് സസ്യഫംഗസ് വ്യാപിച്ചതെന്ന് ഡോ എ യു അരുണ്‍ പറയുന്നു. ഇതെല്ലാവര്‍ക്കും എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമല്ല. ഇനി അഥവാ ഫംഗസ് ബാധയേറ്റാല്‍ തന്നെ അതിന്റെ പരിണിത ഫലങ്ങള്‍ക്ക് വ്യക്തിഗത വ്യത്യാസങ്ങളും ഫംഗസിന്റെ സ്വഭാവ സവിശേഷതകള്‍ അനുസരിച്ചുള്ള വ്യത്യാസങ്ങളും വരാം. നിലവിലെ സാഹചര്യത്തില്‍ ഫംഗസ് ബാധ മനുഷ്യരാശിയ്ക്ക് ഒരു ഭീഷണിയെന്ന് പറയാന്‍ സാധിക്കില്ല.
Story Highlights: Kolkata man is world’s first human to be infected by killer plant fungus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here