മൺറോ തുരുത്തിന്റെ വേദന പങ്കുവെച്ച് ‘Mangrove’s Voice‘; ശ്രദ്ധേയമായി ട്വന്റി ഫോർ ഡോക്യുമെന്ററി

മൺറോ തുരുത്തിന്റെ വേദന പങ്കു വെക്കുന്ന ട്വന്റി ഫോർ ഡോക്യുമെന്ററി ‘Mangrove’s Voice‘ സമൂഹത്തിൽ ശ്രദ്ധേയമാകുന്നു. മറിയ ട്രീസ ജോസഫാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ( Mangrove’s Voice documentary )
ഏകദേശം ഇരുനൂറ് വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂറിലെ ഈസ്റ്റ് ഇന്ത്യ പ്രതിനിധിയായെത്തുന്ന കേണൽ ജോൺ മൺറോയുടെ ഇടപെടലിലൂടെയാണ് അഷ്ടമുടികായലിൽ തുരുത്ത് ജനിക്കുന്നത്. തുടർന്ന്, അത് മൺറോയുടെ പേരിൽ അറിയപ്പെട്ടു. ഒരു കാലത്ത് നെൽ കൃഷിയും കയറും ജീവിതോപാധിയായിരുന്ന തുരുത്തിന്റെ ഇന്നത്തെ ജീവിതം വിനോദ സഞ്ചാരത്തെ ചുറ്റിപ്പറ്റിയാണ്. വിദേശീയരും സ്വദേശീയരുമായ സഞ്ചാരികൾ ഇന്ന് മൺറോ തുരുത്ത് കാണാൻ എത്തുന്നു. പ്രകൃതി സൗന്ദര്യം നിറയുന്ന തുരുത്തിന്റെ ഈ മറ്റൊരു മുഖമാണ് ഡോക്യൂമെന്ററിയിൽ ആവിഷ്കരിക്കുന്നത്.
സഞ്ചാരികൾക്ക് പുറമെ നിന്ന് സുന്ദരമെന്ന് തോന്നിപ്പിക്കുമെങ്കിലും യാഥാർഥ്യത്തിൽ ദുരിതമാണ് തുരുത്തിലെ ജനങ്ങളുടെ ജീവിതം. ഉയർന്ന വേലിയേറ്റം, 2004ലെ സുനാമിയുണ്ടാക്കിയ കേടുപാടുകൾ, മുൻ വർഷങ്ങളിലെ പ്രളയം എന്നിവ തുരുത്തിന്റെ ഘടനയെ ബാധിച്ചു. തുരുത്ത് മുഴുനായും മുങ്ങിപോകുമോ എന്ന ഭയത്തിലാണ് ജനങ്ങൾ ജീവിക്കുന്നത്. കാരണം, ദിനംപ്രതി തുരുത്തിന്റെ വക്കുകൾ മുങ്ങിക്കൊണ്ടിരിക്കുന്നു. അർദ്ധ രാത്രി കഴിഞ്ഞ് വേലിയേറ്റ സമയത്ത് വീടുകൾക്ക് ഉള്ളിലേക്ക് മലിന ജലം ഇരച്ചു കയറും.
വെള്ളത്തിൽ സദാസമയം ജീവിക്കുന്നവർക്ക് തുരുത്തിൽ കുടിക്കാൻ വെള്ളം ഇല്ല. എങ്കിലും ഈ നാട് വിട്ട് പോകാൻ പലരും തയ്യാറല്ല. ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തെ വാടക വീട്ടിലേക്ക് മാറുന്നതിനുള്ള ശേഷി അവർക്കില്ല. വീടുകൾ ഇടിഞ്ഞു വീണാലും തുരുത്ത് വിടാൻ തയ്യാറല്ലാത്ത ഒരു ജനതയുടെ അപേക്ഷകൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുമ്പോൾ തുരുത്തിലെ ജീവിതം ദയനീയമാകുന്നു. ഈ ജീവിതങ്ങളാണ് ‘Mangrove’s Voice‘ എന്ന ഡോക്യൂമെന്ററിയിലൂടെ സമൂഹത്തിനും അധികാരികൾക്കും മുന്നിലേക്ക് വെക്കുന്ന ചോദ്യം.
Read Also: ചോളരാജ്യത്ത് അധികാരത്തിനായുള്ള പോരാട്ടം തുടരുന്നു; പൊന്നിയിന്‍ സെല്‍വന്‍-2 ട്രെയിലര്‍ പുറത്ത്
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ ചൊവ്വരയാണ്. ജയൻ കാർത്തികേയനും സുരേഷ് കളേഴ്‌സുമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തുരുത്തിലെ ഓരോ മനുഷ്യരും ഓരോ വീടുകളും തങ്ങളുടെ ജീവിതം പങ്കു വെക്കുന്നു.
പി. എം. ഹരികൃഷ്‌ണനാണ് ഡോക്യൂമെന്ററിയുടെ എഡിറ്റർ. ശബ്ദം – ആദർശ് രവീന്ദ്രൻ, ഡിഐ കളറിസ്റ്റ് – സനുവർഗീസ്, സഹ ക്യാമറാമാന്മാർ – രാഹുൽ സുദേവ്, സജീവ് കെവി, അസ്സോസിയേറ്റ് ഡയറക്ടർ ആദർശ് രവീന്ദ്രൻ, ക്രീയേറ്റീവ് സപ്പോർട് – വൈശാഖ് മുവാറ്റുപുഴ, പ്രൊഡ്യൂഷൻ കൺട്രോളർ – സജിത്ത് എസ്, ട്രാൻസ്പോർട്ടൻ ആഗിൻ കുമാർ.
Story Highlights: Mangrove’s Voice documentary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here