സ്പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പണം കണ്ടെത്തി ലഹരി ഉപയോഗം; വലിയ തലവേദനയായ കുട്ടി ഗ്യാങ് പിടിയില്‍

കോഴിക്കോട് ജില്ലയില്‍ വാഹനമോഷണം പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് അറസ്റ്റു ചെയ്തു. സ്പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഹരമാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. ബൈക്ക് മോഷ്ടിച്ച് കിട്ടുന്ന തുക കുട്ടികള്‍ ആര്‍ഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനും വിനിയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. (Children who stole bikes arrested in Kozhikode)
രാത്രികാലങ്ങളില്‍ ഇവര്‍ വീടുവിട്ടിറങ്ങും. മോഷ്ടിച്ച വാഹനങ്ങളില്‍ നൈറ്റ് റൈഡിംഗിന് പോകും. ഒപ്പം മറ്റു വാഹനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യും. വാഹനങ്ങളില്‍ പ്രിയം സ്പ്ലെണ്ടര്‍ ബൈക്കുകളോടാണ്. കോഴിക്കോട് ജില്ലയിലുടനീളം ഇരുചക്രവാഹന മോഷണം പതിവാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. മോഷണ പരമ്പര വ്യാപകമായതോടെ കോഴിക്കോട് സിറ്റി പൊലീസ് പ്രത്യേക പ്ലാന്‍ തയ്യാറാക്കി മോഷണ സംഘത്തിലേക്ക് എത്തുകയായിരുന്നു. ബൈക്ക് ഓടിക്കാനുളള അമിതാഗ്രവും ആര്‍ഭാട ജീവിതത്തോടുളള കൊതിയും ലഹരിയോടുളള അമിതാസക്തിയുമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍മീണ. മോഷ്ടിച്ച ബൈക്കുകള്‍ രൂപമാറ്റം വരുത്തിയും വ്യാജനമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുമാണ് കുട്ടിസംഘം വിറ്റഴിച്ചിരുന്നത്.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ഐഎംഎ
അടുത്തിടെ നടക്കാവ്, ബേപ്പൂര്‍, കോഴിക്കോട് ടൗണ്‍, വെള്ളയില്‍, പന്തീരങ്കാവ് പോലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നില്‍ പിടിയിലായ കുട്ടിസംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. മോഷണം നടത്തിയ നിരവധി വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവയെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വീട്ടില്‍ വെച്ച് മോഷണ ബൈക്ക് പൊളിച്ചതായും പൊലീസ് അറിയിച്ചു. പിടിയിലായ മുഴുവന്‍ പേരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Story Highlights: Children who stole bikes arrested in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here