Advertisement

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്; സംഭവം ചെങ്ങന്നൂരില്‍

April 4, 2023
2 minutes Read
Police saved newborn baby in Chengannur

ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. (Police saved newborn baby in Chengannur)

ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയും ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കുഞ്ഞിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ്. മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

ബക്കറ്റില്‍ നിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ ഒരു നിമിഷം പോലും വൈകാതെയാണ് ചോരക്കുഞ്ഞിനേയും എടുത്ത് ചെങ്ങന്നൂര്‍ സിഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലേക്ക് ഓടിയത്. മരിച്ചെന്ന് കരുതി കൈയിലെടുത്ത കുഞ്ഞ് അനങ്ങുന്നത് കണ്ട് ഉടന്‍ തന്നെ പൊലീസ് തൊട്ടടുത്തുള്ള മാമന്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് കുഞ്ഞിനെ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

Story Highlights: Police saved newborn baby in Chengannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top