Advertisement

അദാനി വിഷയത്തില്‍ ഭിന്നാഭിപ്രായമുയര്‍ത്തി പവാര്‍; എന്‍സിപിയ്ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ്

April 7, 2023
3 minutes Read
congress replay to Sharad pawar in Adani group row

അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം നടത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് മറുപടിയുമായി കോണ്‍ഗ്രസ്. അദാനി വിഷയത്തിന്റെ ഗൗരവം 19 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പവാറിന് മറുപടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം പ്രധാനമാണെന്ന് ജയറാം രമേശ് ഓര്‍മിപ്പിച്ചു. (congress replay to Sharad pawar in Adani group row)

എന്‍സിപിക്ക് അഭിപ്രായം പറയാമെന്ന് പറഞ്ഞ ജയ്‌റാം രമേശ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് എന്‍സിപി അടക്കമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. 2024ല്‍ ബിജെപിയെ അവഗണിക്കാനാകില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നില്ലെങ്കില്‍ ഗുണം ചെയ്യില്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു.

Read Also: അദാനി വിഷയത്തില്‍ പ്രതിപക്ഷനിരയില്‍ ഭിന്നത; ജെപിസി അന്വേഷണത്തോട് യോജിപ്പില്ലെന്ന് ശരദ് പവാര്‍

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തമായതിന് പിന്നാലെയാണ് അദാനി വിഷയത്തില്‍ ശരദ് പവാര്‍ എതിര്‍സ്വരമുയര്‍ത്തുന്നത്. അദാനി ഗ്രൂപ്പ് കരുവാക്കപ്പെടുന്നുവെന്ന് സൂചിപ്പിച്ചാണ് ശരദ് പവാറിന്റെ പ്രതികരണം. എന്‍ടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് പവാര്‍ വ്യക്തമാക്കിയത്.

ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തിന് രാജ്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അമിത പ്രാധാന്യം നല്‍കിയെന്നാണ് ശരദ് പവാറിന്റെ വിമര്‍ശനം. പ്രതിപക്ഷത്തിന്റെ ശ്രദ്ധ കൂടുതല്‍ ആവശ്യമുള്ള ഒട്ടേറെ ജനകീയ വിഷയങ്ങള്‍ വേറെയുണ്ട്. അദാനി ഗ്രൂപ്പ് എന്തെങ്കിലും ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ട എന്നല്ല. പക്ഷേ വന്‍കിട വ്യവസായങ്ങളെ ലക്ഷ്യം വയ്ക്കുന്ന ‘അദാനി-അംബാനി’ വിമര്‍ശനങ്ങളോട് യോജിക്കാന്‍ സാധിക്കില്ലെന്നും ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയായിരിക്കുമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: congress replay to Sharad pawar in Adani group row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top