Advertisement

‘ആക്രമിച്ചുകളിക്കാൻ കഴിയുന്നില്ലെങ്കിൽ ഐപിഎലിലേക്ക് വരരുത്’; വാർണറിനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്

April 9, 2023
2 minutes Read
david warner virender sehwag

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ താരവും കമൻ്റേറ്ററുമായ വീരേന്ദർ സെവാഗ്. ആക്രമിച്ചുകളിക്കാൻ കഴിയുന്നില്ലെങ്കിൽ ഐപിഎലിലേക്ക് വരരുതെന്ന് സെവാഗ് പറഞ്ഞു. ക്രിക്ക്ബസിനോടാണ് സെവാഗിൻ്റെ പ്രതികരണം. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണർ 55 പന്തിൽ 65 റൺസ് നേടി പുറത്തായിരുന്നു. (david warner virender sehwag)

“ഇപ്പോഴാണ് അദ്ദേഹത്തോട് ഇംഗ്ലീഷിൽ നമ്മളിത് പറയേണ്ടത്. അത് കേൾക്കുമ്പോൾ വേദനിക്കുമായിരിക്കും. ഡേവിഡ്, നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ നന്നായി കളിക്കൂ. 25 പന്തിൽ 50 റൺസ് നേടു. ജയ്‌സ്വാളിൽ നിന്ന് കണ്ടു പഠിക്കു, അദ്ദേഹം 25 പന്തിൽ 50 അടിച്ചു. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഐപിഎല്ലിൽ കളിക്കാൻ വരരുത്. 55-60 റൺസ് എടുക്കുന്നതിനു മുൻപ് ഡേവിഡ് വാർണർ 30 റൺസിന് പുറത്തായിരുന്നു എങ്കിൽ അത് ടീമിന് ഗുണമായേനെ. റോവ്മൻ പവൽ, ഇഷാൻ പോറൽ എന്നിവരെപ്പോലുള്ള കളിക്കാർ നേരത്തെ ക്രീസിലെത്തിയിരുന്നെങ്കിൽ ഒരുപക്ഷേ അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേനെ. കൂറ്റനടിക്കാരായ അവർക്ക് ഇന്നലെ ഒരുപാട് പന്തുകളൊന്നും അവശേഷിച്ചിരുന്നില്ല.”- സെവാഗ് പറഞ്ഞു.

Read Also: കാലിടറി വീണ് ഡല്‍ഹി; രാജസ്ഥാന്‍ റോയല്‍സിന് 57 റണ്‍സിന്റെ ഉജ്ജ്വല ജയം

പാനലിൽ ഒപ്പമുണ്ടായിരുന്ന ഇന്ത്യയുടെ മുൻ താരം രോഹൻ ഗവാസ്കറും സെവാഗിനോട് യോജിച്ചു. ക്യാപ്റ്റനാണെന്നത് ഉത്തരവാദിത്തം വർധിപ്പിക്കുകയാണ്. ക്യാപ്റ്റനല്ലായിരുന്നെങ്കിൽ വാർണറെ ഡൽഹി റിട്ടയർഡ് ഹർട്ട് ആക്കിയേനെ. ഇതൊരു യുവ ഇന്ത്യൻ ബാറ്ററായിരുന്നെങ്കിൽ അവരുടെ ടൂർണമെൻ്റ് അവസാനിച്ചേനെ. അത് താരത്തിൻ്റെ അവസാന മത്സരമായേനെ. ഈ തോൽവിയുടെ ഉത്തരവാദിത്തം വാർണർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

57 റൺസിനാണ് രാജസ്ഥാൻ ഡൽഹിക്കെതിരെ വിജയം സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഓപ്പണർമാരായ ജോസ് ബട്ട്‌ലറിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും അർധ സെഞ്ചുറി രാജസ്ഥാന് മുതൽക്കൂട്ടായി. 51 പന്തിൽ ജോസ് ബട്ട്‌ലർ 79 റൺസെടുത്തു. 31 പന്തിൽ യശസ്വി ജയ്‌സ്വാൾ 60 റൺസും നേടി.

Story Highlights: david warner criticizes virender sehwag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top