ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; ഗുജറാത്ത് കൊൽക്കത്തയെയും ഹൈദരാബാദ് പഞ്ചാബിനെയും നേരിടും

ഐപിഎല്ലിൽ ഇന്ന് വമ്പൻമാർ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സിനെയും നേരിടും.
പുതിയ പതിപ്പിൽ തോൽവിയറിയാതെ മുന്നേറുകയാണ് ഗുജറാത്ത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയും ഡൽഹി ക്യാപിറ്റൽസിനെതിരെയും ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം മികച്ച വിജയം നേടിയിരുന്നു. നരേന്ദ്രമോദി സ്റ്റേഡിയത്തിലും അപരാജിത കുതിപ്പ് തുടരാനാണ് ടീം ലക്ഷ്യമിടുന്നത്. മറുവശത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തോൽവിയോടെയാണ് സീസൺ ആരംഭിച്ചത്.
ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് തോറ്റ കെകെആർ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 81 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ നിതീഷ് റാണയും സംഘവും ഇന്ന് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3:30 നാണ് ആവേശ പോര്.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് പഞ്ചാബ് കിംഗ്സാണ് എതിരാളികൾ. കളിച്ച രണ്ട് കളികളിലും തോറ്റ സൺറൈസേഴ്‌സ് സ്വന്തം തട്ടകത്തിൽ ശിഖർ ധവാന്റെ പഞ്ചാബിനെ തോൽപ്പിച്ച് ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ പഞ്ചാബ് കിംഗ്‌സ് മൂന്നാം സ്ഥാനത്തും ഹൈദരാബാദ് ഏറ്റവും താഴെയുമാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.
Story Highlights: IPL today; Gujarat will face Kolkata and Hyderabad will face Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here