Advertisement

വമ്പൻ പേരുകളിൽ വമ്പൻ പണം നിക്ഷേപിക്കുന്ന മാനേജ്മെൻ്റ്; ടീം ബാലൻസ് നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്

April 9, 2023
Google News 2 minutes Read
mumbai indians failed strategies

കഴിഞ്ഞ രണ്ട് സീസണുകളായി മുംബൈ ഇന്ത്യൻസ് വിയർക്കുകയാണ്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസ് മിനി ലേലത്തിൽ ചില ഇടപെടലുകൾ നടത്തിയെങ്കിലും ഇക്കുറിയും തുടരെ രണ്ട് മത്സരങ്ങൾ തോറ്റ് തുടങ്ങിയിരിക്കുന്നത്. മത്സരങ്ങൾ പരാജയപ്പെടുകയെന്നതല്ല പ്രശ്നം, എങ്ങനെ പരാജയപ്പെടുന്നു എന്നതാണ്. (mumbai indians failed strategies)

2022 താരലേലത്തിൽ ഹാർദിക് പാണ്ഡ്യയെ വിട്ടുകളയാൻ തീരുമാനിച്ചതാണ് മുംബൈക്ക് പറ്റിയ ആദ്യ അബദ്ധം. 34 വയസുകാരനായ, ഫോം ഡിപ്പായിക്കൊണ്ടിരുന്ന കീറോൺ പൊള്ളാർഡിനെ നിലനിർത്തിയാണ് മുംബൈ ഹാർദികിനെ വിട്ടുകളഞ്ഞത്. മുംബൈ ഇന്ത്യൻസിനെ ബാലൻസ് ആക്കി നിർത്തുന്നതിൽ പാണ്ഡ്യ നിർണായക റോളാണ് വഹിച്ചിരുന്നത്. അതേ ലേലത്തിൽ ആ സീസൺ കളിക്കില്ലെന്നുറപ്പായിരുന്നിട്ടും ജോഫ്ര ആർച്ചറെ 8 കോടി രൂപ മുടക്കി ടീമിലെത്തിച്ചത് ഒരു ഭാഗ്യ പരീക്ഷണമായിരുന്നു. അടുത്ത സീസൺ (2023) ആർച്ചർ കളിച്ചേക്കുമെങ്കിലും ദീർഘകാലം പുറത്തിരുന്ന് തിരികെവരുന്നു എന്നതിനാൽ താരം എത്ര മാത്രം തിളങ്ങുമെന്നതിൽ സംശയമുണ്ടായിരുന്നു. അക്കൊല്ലം തന്നെ ട്രെൻ്റ് ബോൾട്ടിനെയും മുംബൈ വിട്ടുകളഞ്ഞു.

Read Also: ആഞ്ഞടിച്ച് രഹാന; ചെന്നൈക്ക് മുന്നില്‍ മുംബൈ വീണു

ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കീറോൺ പൊള്ളാർഡിനുമൊപ്പം ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ നിലനിർത്തിയ മുംബൈ ഇഷാൻ കിഷനെ ടീമിലെത്തിച്ചത് 15.25 കോടി രൂപയ്ക്കാണ്. അത് മുംബൈയുടെ ഓക്ഷൻ പ്ലാനുകളെ ബാധിച്ചു. ടിം ഡേവിഡ്, തിലക് വർമ, ഡെവാൾഡ് ബ്രെവിസ് (ഭാവി സൂപ്പർ സ്റ്റാർ) എന്നിവരെ മാറ്റിനിർത്തിയാൽ ആ ലേലത്തിലെ പർച്ചേസുകളൊക്കെ മോശമായിരുന്നു. ആർച്ചർ ഭാഗ്യപരീക്ഷണമായപ്പോൾ കിഷന് അർഹിക്കുന്നതിലുമധികം പണം ചെലവഴിച്ചു. സ്ഥിരതയില്ലാത്ത തൈമൽ മിൽസ്, റൈലി മെരെഡിത്, ജയദേവ് ഉനദ്കട്ട്, ബേസിൽ തമ്പി, മുരുഗൻ അശ്വിൻ എന്നിവരെ കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടിവന്നത് ആർച്ചറിലും കിഷനിലും മുംബൈ ഇൻവസ്റ്റ് ചെയ്ത പണമായിരുന്നു. എന്ത് വിലകൊടുത്തും കിഷനെ ടീമിലെടുക്കണമെന്ന് മാനേജ്മെൻ്റ് വാശിപിടിച്ചതിന് വലിയ വില നൽകേണ്ടിവന്നു.

തീരെ ബാലൻസ്ഡ് അല്ലാത്ത സ്ക്വാഡിനെ വച്ച് കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായിപ്പോയ മുംബൈ ഇക്കൊല്ലത്തെ ലേലത്തിൽ അത് തിരുത്തുമെന്ന് കരുതി. എന്നാൽ, വീണ്ടും മുംബൈ ബ്രാൻഡ് വാല്യൂ പരിഗണിച്ച് വമ്പൻ പേരുകൾ പരിഗണിക്കാനാണ് ശ്രമിച്ചത്. 17.50 കോടി രൂപ മുടക്കി മുംബൈ കാമറൂൺ ഗ്രീനിനെ ടീമിലെത്തിച്ചപ്പോൾ മാനേജ്മെൻ്റിൻ്റെ പിടിപ്പുകേട് വീണ്ടും തെളിഞ്ഞു. കഴിഞ്ഞ സീസൺ പരിഗണിക്കുമ്പോൾ ഝൈ റിച്ചാർഡ്സൺ, ജേസൻ ബെഹ്റൻഡോർഫ്, ഡുവാൻ ജാൻസൻ, ഷംസ് മുലാനി. പീയുഷ് ചൗള തുടങ്ങി ഈ സീസണിൽ ഭേദപ്പെട്ട ബൗളിംഗ് ഓപ്ഷനുകളുണ്ടെങ്കിലും അത് എക്സ്ട്രാ ഓർഡിനറി അല്ല. ആർച്ചർ പഴയ മൂർച്ചയിലെത്താത്തതും റിച്ചാർഡ്സണും ബുംറയും പരുക്കേറ്റ് മടങ്ങിയതും മുംബൈയുടെ ഈ ആവറേജ് ബൗളിംഗ് നിരയുടെ നടുവൊടിച്ചു. ആർച്ചർ-ബുംറ കോംബോയിലായിരുന്നു മുംബൈയുടെ പ്രതീക്ഷ. എന്നാൽ, പ്ലാൻ എ പൊളിഞ്ഞപ്പോൾ മുംബൈക്ക് ഒരു പ്ലാൻ ബി ഉണ്ടായില്ല. റിച്ചാർഡ്സൺ പരുക്കേറ്റ് പുറത്തായിട്ടും പകരക്കാരനെ പ്രഖ്യാപിക്കാൻ ഏറെ വൈകിയ മുംബൈ ടീമിലെത്തിച്ചത് റൈലി മെരെഡിത്തിനെ. മുംബൈക്കായി തന്നെ കളിച്ച് ശരാശരിക്കപ്പുറം പ്രകടനം നടത്താതിരുന്ന താരമാണ് മെരെഡിത്ത്. കെയിൻ വില്ല്യംസൺ പരുക്കേറ്റ് പുറത്തായപ്പോൾ ഗുജറാത്ത് ചെയ്തത് ശ്രദ്ധേയമാണ്. അവർ പിറ്റേന്ന് പകരക്കാരനെ പ്രഖ്യാപിച്ചു. ദസുൻ ശാനക. ഇത്തരത്തിൽ പ്രൂവണായ നിരവധി താരങ്ങളുണ്ടായിരുന്നെങ്കിലും മുംബൈ മെരെഡിത്തിലേക്ക് മടങ്ങിയത് എന്തിനെന്നറിയില്ല.

കുമാർ കാർത്തികേയ, ഋതിക് ഷൊകീൻ എന്നീ ശരാശരി സ്പിൻ ബൗളിംഗ് ഓപ്ഷനുകൾക്കൊപ്പം 34 വയസായി പല്ലുകൊഴിഞ്ഞുകൊണ്ടിരിക്കുന്ന പീയുഷ് ചൗളയാണ് സ്പിന്നിലെ പ്രധാന ഓപ്ഷൻ. ഷംസ് മുലാനിയിൽ ഒരു ക്വാളിറ്റി ഓപ്ഷനുണ്ടെന്നതാണ് ആശ്വാസം. അവിടെയും രണ്ടാമത് ഒരു ക്വാളിറ്റി ഓപ്ഷൻ ഇല്ല. ഇഷാൻ കിഷൻ്റെയും രോഹിത് ശർമയുടെയും അസ്ഥിരതയും സൂര്യകുമാർ യാദവിൻ്റെ മോശം ഫോമും മുംബൈയുടെ ബാറ്റിംഗ് പ്ലാനുകളെ തകിടം മറിക്കുകയാണ്. ഇതിനൊപ്പമാണ് മാനേജ്മെൻ്റിൻ്റെ പിടിപ്പുകേട്. ഇത്തവണയും ഐപിഎലിൻ്റെ അവസാന സ്ഥാനങ്ങളിലൊന്ന് മുംബൈ ഉറപ്പിക്കുമെന്നത് തീർച്ചയാണ്.

Story Highlights: mumbai indians failed strategies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here