ഒറ്റക്കാലില്‍ മക്കയിലെ ജബല്‍ നൂര്‍ മല നടന്നു കയറി; ഇത് ഷഫീഖ് പാണക്കാടന്റെ വിജയം

പരിമിതികളും പ്രതിസന്ധികളും എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ അവ മറികടക്കുന്നിടത്താണ് വിജയം. ശാരീരിക പരിമിതികളെ അതിജീവിച്ച് ശ്രമകരമായ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശി ഷഫീഖ് പാണക്കാടന്‍. ഒറ്റക്കാലിലാണ് ഷഫീഖ് സൗദി അറേബ്യയിലെ മക്കയിലുള്ള ജബല്‍ നൂര്‍ മല കയറി ഇറങ്ങിയത്. മുമ്പും അസാധ്യമെന്ന് തോന്നിച്ച പലതും ഈ യുവാവ് സാധ്യമാക്കിയിട്ടുണ്ടെന്നതാണ് കൗതുകം.(Shafeek panakkadan visits Mecca Jabal Al Nour)
ഒറ്റക്കാലില്‍ മക്കയിലെ ജബല്‍ നൂര്‍ മല നടന്നു കയറുക എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണിപ്പോള്‍ ഷഫീഖ് പാണക്കാടന്‍. ശാരീരിക വൈകല്യത്തെ അതിജീവിച്ച് ഷഫീഖ് രണ്ടായിരത്തിലേറെ അടി ഉയരമുള്ള മല കയറി. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ദിവ്യ സന്ദേശം ലഭിച്ചെന്ന് കരുതപ്പെടുന്ന ഹിറാഗുഹ സ്ഥിതി ചെയ്യുന്ന മലയാണ് ജബല്‍ നൂര്‍. ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ ഷഫീഖ് നോമ്പുസമയത്താണ് ഏറെ പ്രയാസമേറിയ ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചത്.
Read Also: ദുബായി വീണ്ടും സ്മാര്‍ട്ട്; പെഡസ്ട്രിയന്‍ സിഗ്നലിങ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
ജബല്‍ നൂര്‍ മല കയറാന്‍ ഒന്നേമുക്കാല്‍ മണിക്കൂറും ഇറങ്ങാന്‍ മുക്കാല്‍ മണിക്കൂറും സമയമെടുത്തു. ഇതിന് മുമ്പ് വയനാട് ചുരവും, റാസല്‍ഖൈമയിലെ ജബല്‍ ജൈസ് പര്‍വതവും ഒറ്റക്കാലില്‍ നടന്നു കയറി ശ്രദ്ധേയനായിട്ടുണ്ട് ഷഫീഖ്. പൊതുരംഗത്ത് സജീവ സാന്നിധ്യമായ ഷഫീഖ് ഇറാനില്‍ നടന്ന ആംപ്യൂട്ടി ഫൂട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്കായി സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയ കേരള സംസ്ഥാന അവാര്‍ഡ് 2021-ല്‍ നേടി.
തൃശൂരില്‍ നടന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന നീന്തല്‍ മത്സരത്തില്‍ ചാമ്പ്യനായി. മലപ്പുറം ജില്ലയിലെ ചേളാരിക്കാടുത്ത് പടിക്കല്‍ സ്വദേശിയായ ഷഫീഖിന് 2004-ല്‍ ടാങ്കര്‍ ലോറി ഇടിച്ചു ഉണ്ടായ അപകടത്തിലാണ് വലതു കാലിന്റെ മുട്ടിന് താഴെ നഷ്ടപ്പെട്ടത്.
Story Highlights: Shafeek panakkadan visits Mecca Jabal Al Nour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here