തിരിച്ചടി ഉണ്ടായി എന്നൊക്കെ സൗകര്യം പോലെ വ്യാഖ്യാനിക്കാം, നിരപരാധിയാണെന്ന് തെളിയിക്കും; വെള്ളാപ്പള്ളി നടേശൻ

എസ് എൻ കോളജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികരകരിച്ച് വെള്ളാപ്പള്ളി നടേശൻ. തിരിച്ചടി ഉണ്ടായി എന്നൊക്കെ സൗകര്യം പോലെ വ്യാഖ്യാനിക്കാം. സത്യാവസ്ഥ ബോധ്യപ്പെടുത്തി നിരപരാധിയാണെന്ന് തെളിയിക്കാൻ സാധിക്കും. അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കും. അന്വേഷണ സംഘം താൻ കുറ്റക്കാരനാണെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളുകയായിരുന്നു. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
1998 എസ് എൻ കോളജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.1 കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്‍റും ,ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.
Read Also: വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻ കോളജ് ഫണ്ട് തട്ടിപ്പില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
2020 ൽ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നൽകി. തുടർന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: Vellappally Natesan on SN College fund misappropriation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here