പടിവാതുക്കൽ വിഷു; വേനൽ ചൂടിലും വാടാതെ സജീവമായി വിഷു- പെരുന്നാൾ വിപണി

സംസ്ഥാനത്തെ വേനൽ ചൂടിലും വാടാതെ വിഷു-പെരുന്നാൾ വിപണി. ഇത്തവണ ഈസ്റ്ററും വിഷുവും റംസാനും ഒന്നിച്ചുവന്നതും കച്ചവടത്തിൽ നല്ല ഉണർവുണ്ടാക്കിയതായി വ്യാപാരികൾ പറയുന്നു. വെയിലാണെങ്കിലും വിപണി സജീവമാണ്. വിപണിയിൽ തിരക്കിനും കുറവില്ല.(Vishu 2023 Even in the heat of summer, the equinox festival market is active)
രാവിലെ ഒമ്പതരയോടെ സജീവമാകുന്ന വ്യാപാരം രാത്രി വൈകി വരെ നീളും. തിരുവനന്തപുരം ചാല, പാളയം മാർക്കറ്റ്, കോഴിക്കോട് മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിലും തിരക്കാണ്. നഗരങ്ങളിലെ മാളുകളിലും മറ്റു വ്യാപാരത്തെരുവുകളിലും രാവേറെ വൈകിയും ആളുകളെത്തുന്നു.
രാത്രിയാവുന്നതോടെ വിഷു പെരുന്നാൾക്കച്ചവടത്തിന്റെ തിരക്കാണ്. നോമ്പുതുറന്ന ശേഷം കുടുംബസമേതം ആളുകൾ നഗരത്തിലേക്കിറങ്ങുകയാണ്. കണിക്കൊന്ന, പൂക്കൾ, വസ്ത്രങ്ങൾ, വിഗ്രഹം, പഴങ്ങൾ തുടങ്ങിയവ വാങ്ങാനാണ് ചാല കമ്പോളത്തിലെ തിരക്ക്. കൂടാതെ പലതരത്തിലുള്ള കൃഷ്ണവിഗ്രഹങ്ങളാണ് വിപണിയിലുള്ളത്. കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലും നിർമിച്ചവയാണ് വിഗ്രഹങ്ങളിലേറെയും.
അടുത്തദിവസങ്ങളിൽ വിഷുക്കണിക്കുള്ള വിഭവങ്ങൾ തെരുവോരത്ത് നിറയും. കണിവെള്ളരി, ഇടിച്ചക്ക, കണിക്കൊന്ന, കുലയോടു കൂടിയ മാങ്ങ എന്നിവ കൂട്ടത്തിലുണ്ടാകും. വിഷുവിനു തലേന്ന് വിൽപ്പനയും വിലയും കൂടുന്നതാണ് പതിവ്. കമ്പോളത്തിൽ പൂവിനുള്ള ആവശ്യക്കാരും വിലയും കൂടാനിടയുണ്ട്.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
തെരുവു കച്ചവടവും തകൃതിയാണ്. പതിവുപോലെ വസ്ത്രവിപണിയിലാണ് തരംഗം. ചെറിയ ബജറ്റിൽ എല്ലാം ലഭ്യമാണ്. വിഷുവിന് മുണ്ടുടുക്കൽ യുവാക്കൾക്കിടയിൽ ഹരമായിട്ടുണ്ട്. മുണ്ട് വിപണിയിൽ വിഷുവിന് പ്രത്യേക ഉണർവുണ്ട്.
കൊയൻകോ ബസാറിലും കോർട്ട് റോഡിലും അലങ്കരിച്ചിട്ടുണ്ട്. രാത്രി ഒമ്പതുമുതൽ രാവിലെ പത്തുവരെ മിഠായിത്തെരുവിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ട്. തെരുവിന് സുരക്ഷയുമായി പൊലീസും കച്ചവടക്കാരും കൈകോർത്ത് സേവനത്തിലുണ്ട്. ശനിയാഴ്ചയാണ് വിഷു. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
വിഷുവിനും റംസാനും സ്‌പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ മേളകളില്‍ വില്‍പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും.
Story Highlights: Vishu 2023 Even in the heat of summer, the equinox festival market is active
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here