ശ്വാസകോശത്തിന്‍റെ ആരോഗ്യം ബലപ്പെടുത്താം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കൂടാതെ മറ്റു ആരോഗ്യപ്രശ്നങ്ങളും റിപ്പോർട് ചെയ്യുന്നുണ്ട്. ഇതിനൊപ്പം തന്നെ ഇന്‍ഫ്ളുവന്‍സ വൈറസായ എച്ച്3എന്‍2 വും വ്യാപകമായത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കൊറോണ വൈറസും എച്ച്3എന്‍2വും പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ ബലപ്പെടുത്താനുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. ജീവിതശൈലികളിലെ മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശ്വാസകോശത്തെ ബലപ്പെടുത്താവുന്നതാണ്. ( Ways To Strengthen Lung )
അതിൽ പ്രധാനം പുകവലി ഉപേക്ഷിക്കുക എന്നതുതന്നെയാണ്. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന് കാര്യമായ ക്ഷതം വരുത്തും. ശരിയായ ആരോഗ്യത്തിന് ഇവ രണ്ടും ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മറ്റൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. വ്യായാമം, യോഗ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്വാസകോശത്തിനും ശരിയായ ആരോഗ്യത്തിനും നല്ലതാണ്. ഓട്ടം,നടത്തം, സൈക്ലിങ് തുടങ്ങിയവയെല്ലാം ശ്വാസകോശത്തിന് ഗുണപ്രദമാണ്.
ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. പ്രതിരോധ സംവിധാനത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്താനും ഉറക്കം ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. ഇലവർഗങ്ങളും നട്സും വിത്തുകളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും പ്രതിരോധശേഷിയെ ശക്തമാക്കും. ശ്വാസകോശത്തിന്‍റെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ആഴത്തിലുള്ള ശ്വാസോച്ഛാസം നടത്തുന്ന ശ്വസന വ്യായാമങ്ങള്‍ ശ്വാസകോശത്തിന്‍റെ ശേഷി വര്‍ധിപ്പിക്കും. ശ്വാസകോശ പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം തന്നെ ശരീരത്തിൽ ജലാംശം നിലനിർത്തുക.
Story Highlights: Ways To Strengthen Lung
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here