Advertisement

കർണാടക ബിജെപിയിൽ നിന്ന് രണ്ട് എംൽഎമാർ കൂടി രാജിവച്ചു

April 13, 2023
1 minute Read
karnataka bjp 2 mla resigned

കർണാടക ബിജെപിയിൽ സീറ്റ് വിവാദവും രാജിയും തുടരുന്നു. രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നാലെ രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചു. പ്രവർത്തകരുടെ കൂട്ടരാജിയും തുടരുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് രാജിവെച്ചവർ ഉന്നയിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടുമില്ല. ( karnataka bjp 2 mla resigned )

മുദിഗരൈയിലെ എംഎൽഎയായ എം പി കുമാരസ്വാമിയും ഹവേരി എംഎൽഎയായ നെഹ്‌റു ഒലേക്കറുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എംഎൽഎമാരിൽ ഒഴിവാക്കപ്പെട്ട 27 പേരിൽ ഉൾപ്പെട്ടതാണ് രാജിവെച്ച രണ്ടുപേരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിയ്ക്കുന്ന ഷിഗോൺ മണ്ഡലമുൾപ്പെടുന്നതാണ് ഹവേരി ജില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഇവിടെ നിന്നും രാജിവെച്ച നെഹ്‌റു ഒലേക്കർ ഉയർത്തുന്നത്. പരിഗണിയ്‌ക്കേണ്ടവരെ പരിഗണിയ്ക്കുന്നില്ലെന്നും നേതൃത്വത്തിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും ഒലേക്കർ പറഞ്ഞു.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയ്‌ക്കെതിരെ ആരോപണമുന്നയിച്ചാണ് എം പി കുമാരസ്വാമിയുടെ രാജി. രവിയുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് തനിക്ക് ടിക്കറ്റ് നിഷേധിയ്ക്കാൻ കാരണമെന്ന് കുമാരസ്വാമി ആരോപിച്ചു. പ്രവർത്തകരുമായി ആലോചിച്ച ശേഷം ഭാവി തീരുമാനമെടുക്കുമെന്നും കുമാരസ്വാമി പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി ലക്ഷമൺ സവദിയുടെ രാജിയിലും പ്രതിഷേധം ശക്തമാകുകയാണ്. സവദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബെലഗാവിയിൽ അയ്യായിരത്തോളം പ്രവർത്തകർ രാജിവെച്ചു.

മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തിൽ കേന്ദ്രനേതൃത്വം ഇനിയും തീരുമാനം എടുത്തിട്ടില്ല. ഹുബ്ബള്ളി സെൻട്രലിൽ നിന്നും മത്സരിയ്ക്കണമെന്ന ആവശ്യമാണ് ഷെട്ടാർ ഉന്നയിച്ചിട്ടുള്ളത്. ഇതുൾപ്പെടെ 12 സീറ്റുകളിലേയ്ക്ക് മാത്രമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിയ്ക്കാനുള്ളത്. കെ എസ് ഈശ്വരപ്പയുടെ മണ്ഡലമായ ശിവമോഗയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മകന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച ഈശ്വരപ്പയ്ക്ക് പിന്തുണയുമായി ധാരാളം പ്രവർത്തകർ ശിവമോഗയിൽ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെയും പ്രവർത്തകരുടെയും ജില്ലാ നേതാക്കളുടെയും രാജി തുടരുന്നുണ്ട്.

Story Highlights: karnataka bjp 2 mla resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top