Advertisement

ലൈഫ് മിഷൻ കേസ്; ഹൈക്കോടതി പരാമർശം പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്: വി.ഡി സതീശൻ

April 13, 2023
Google News 2 minutes Read
v d satheesan

ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് വി ഡി സതീശൻ. ലൈഫ് മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമർശം അതീവ ഗൗരവമുളളതാണ്. മുഖ്യമന്തിയുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന പ്രതിപക്ഷ വാദമാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത് . പതിവ് നിശബ്ദതയ്ക്കപ്പുറം ഹൈക്കോടതി വിധിയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനിവാര്യമാണ്. ബി.ജെ.പി- സി.പി.എം ധാരണയുടെ ഭാഗമായി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് അന്വേഷണ ഏജൻസിയായ ഇ.ഡിയാണെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷന്‍ കേസില്‍ സ്വപ്നയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടെന്ന്‌ ഇ.ഡിയോട് ഹൈക്കോടതി ചോദിച്ചിരുന്നു. കുറ്റകൃത്യത്തില്‍ സജീവമായ പങ്കാളിത്തം സ്വപ്‌നയ്ക്കുണ്ട്. ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

Read Also: ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യആസൂത്രകന്‍ എം.ശിവശങ്കര്‍; ജാമ്യാപേക്ഷ തള്ളണമെന്ന് ഇ.ഡി

ശിവശങ്കറിന് ജാമ്യം നിഷേധിക്കുന്നത് മുഖ്യമന്ത്രിയ്ക്കു മേലും സര്‍ക്കാരിലും സ്വാധീനമുള്ളതിനാലാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ സ്വാധീനമുള്ള വ്യക്തി കേസിലെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ശിവശങ്കറിന് ഉന്നത സ്ഥാനം ലഭിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അത് സര്‍ക്കാരിനു മേല്‍ ശിവശങ്കറിനുള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ജാമ്യം നിഷേധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.

Story Highlights: V D Satheesan On Life Mission Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here