‘ലക്നൗവിൽ ചേരുന്നതിനരികെയെത്തിയപ്പോഴാണ് നെഹ്റ വിളിച്ചത്’; അത് വഴിത്തിരിവായെന്ന് ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ ഐപിഎൽ സീസണു മുൻപ് താൻ ലക്നൗ സൂപ്പർ ജയൻ്റ്സിൽ ചേരുന്നതിൻ്റെ അരികിലെത്തിയിരുന്നു എന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ലക്നൗവിൽ ചേരുന്നതിൻ്റെ അവസാന ഘട്ടത്തിലാണ് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റ വിളിച്ചത്. ഇതോടെ ഗുജറാത്തിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഹാർദിക് പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസ് പോഡ്കാസ്റ്റിലാണ് ഹാർദികിൻ്റെ വെളിപ്പെടുത്തൽ. (hardik pandya ipl lsg)
“ലക്നൗവിൽ നിന്ന് എനിക്കൊരു കോൾ വന്നു. എനിക്കറിയാവുന്നയാളാണ് ടീം ക്യാപ്റ്റൻ. അത് എനിക്ക് വളരെ പ്രധാനമായിരുന്നു. എന്നെ അറിയുന്ന ഒരാൾക്കൊപ്പം കളിക്കുകയെന്നത് പ്രധാനപ്പെട്ടതായിരുന്നു. എന്നെ അറിയുന്നവർക്ക് എന്നെപ്പറ്റിയുള്ള അഭിപ്രായം വളരെ വ്യത്യസ്തമായിരിക്കും. അപ്പോഴാണ് നെഹ്റ വിളിക്കുന്നത്. ആ സമയത്ത് ടീമിലെ കാര്യങ്ങളൊന്നും പൂർണമായി തീരുമാനിക്കപ്പെട്ടിരുന്നില്ല. താനാണ് പരിശീലകനെന്ന് നെഹ്റ പറഞ്ഞു. നെഹ്റ എന്നെ മനസിലാക്കിയ ആളുകളിലൊരാളാണ്. അതുകൊണ്ട് ഗുജറാത്തിൽ ചേരുകയായിരുന്നു. കഴിയുമെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ നെഹ്റ എന്നോട് പറഞ്ഞു. അതെനിക്ക് അതിശയമായിരുന്നു.’- ഹാർദിക് പറയുന്നു.
Read Also: വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ; ഗില്ലിന് ഫിഫ്റ്റി; ഗുജറാത്തിന് തകർപ്പൻ ജയം
ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റനായി ആദ്യ സീസണിൽ തന്നെ കിരീടം നേടാൻ പാണ്ഡ്യക്ക് സാധിച്ചു. അത്ര ബാലൻസ്ഡ് അല്ലാത്ത ഒരു ടീം അല്ലാതിരുന്നിട്ടും മികച്ച ക്യാപ്റ്റൻസിയിലൂടെ ഹാർദിക് ഇന്ത്യൻ ടീമിൻ്റെ ടി-20 താത്കാലിക ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരെ എത്തി. ഈ സീസണിലും മികച്ച രീതിയിലാണ് ഗുജറാത്ത് ആരംഭിച്ചിരിക്കുന്നത്.
അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറിലാണ് ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചത്. പഞ്ചാബ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 49 പന്തിൽ 67 റൺസ് നേടിയ ശുഭ്മൻ ഗിൽ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ വൃദ്ധിമാൻ സാഹ (19 പന്തിൽ 30) ചാമ്പ്യന്മാർക്ക് വിസ്ഫോടനാത്‌മക തുടക്കം നൽകി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവരിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 153 റൺസെടുത്തു. 24 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ജിതേഷ് ശർമ 20 പന്തിൽ 25 റൺസ് നേടി. തകർത്ത് പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ പഞ്ചാബിനെ പിടിച്ചുകെട്ടുകയായിരുന്നു. 4 ഓവറിൽ വെറും 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ ഗുജറാത്തിനായി അസാമാന്യ പ്രകടനം നടത്തി.
Story Highlights: hardik pandya ipl lsg podcast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here