സൂപ്പർ കപ്പ്; ബംഗളൂരു എഫ്.സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്നുതന്നെ ഔട്ടായി. 1-1നാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങിയത്. ഇതോടെ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്ക് കടന്നു. ( super cup Kerala Blasters out Bengaluru FC reach semi finals ).
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സൗരവിന്റെ നേതൃത്വത്തിൽ വലതു വിങ്ങിലൂടെ രണ്ട് നല്ല മുന്നേറ്റങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുവെങ്കിലും ഗോളാക്കി മാറ്റാനായില്ല. കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് 23ആം മിനുട്ടിലാണ് ബെംഗളൂരു എഫ് സി റോയ് കൃഷ്ണയിലൂടെ ഗോൾ സ്വന്തമാക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ മടക്കാൻ ബാസ്റ്റേഴ്സിനായില്ല. ദിമിക്കും നിഷുവിനും രാഹുലിനും നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാ ഷോട്ടുകളും ഗുർപ്രീത് തടയുകയായിരുന്നു. ഒുവിൽ ദിമിത്രിയോസിന്റെ ഒരു ഹെഡർ ഫലം കണ്ടതോടെയാണ് 76ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പമെത്തിയത്. അപ്പോഴും ബ്ലാസ്റ്റേഴ്സിന് സെമിയിൽ പ്രവേശിക്കാൻ ഒരു ഗോൾ കൂടി വേണമായിരുന്നു.
പിന്നീടങ്ങോട്ട് അവസാന നിമിഷത്തിൽ വിബിന്റെയും ജീക്സിന്റെയും ദിമിയുടെയും ഷോട്ടുകളും ഗുർപ്രീത് തടയുകയായിരുന്നു. കളി സമനിലയിൽ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ് സി ശ്രീനിധിയെ തോൽപ്പിച്ചതോടെയാണ് ബെംഗളൂരു സെമിയിലേക്ക് കടന്നത്.
Story Highlights: super cup Kerala Blasters out Bengaluru FC reach semi finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here