Advertisement

കേന്ദ്രമന്ത്രി ചൊവ്വാഴ്ച കോട്ടയത്ത്; റബറിന് 300 രൂപ വില പ്രഖ്യാപിക്കണമെന്ന് കെ.സുധാകരന്‍

April 17, 2023
2 minutes Read
k sudhakaran

റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പുനല്കിയതുമായ ഒരു കിലോ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ നടത്തുന്ന പ്രഹസന സന്ദര്‍ശനംപോലെ കേന്ദ്രമന്ത്രിയുടെ റബര്‍ ബോര്‍ഡ് പരിപാടിയെ തരംതാഴ്ത്തിയാല്‍ അതു കര്‍ഷകരോടു കാട്ടുന്ന കൊടിയ വഞ്ചന ആയിരിക്കുമെന്ന് അദ്ദേഹ പറഞ്ഞു.

സംസ്ഥാനത്തെ ബിഷപ്പുമാരുടെ അരമനകളില്‍ പാല്‍പ്പുഞ്ചിരിയും കാമറയുമായി എത്തുന്ന ബിജെപി നേതാക്കളെല്ലാം ആവര്‍ത്തിച്ചു നല്കുന്ന ഉറപ്പാണ് റബറിന് 300 രൂപ ആക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കര്‍ഷകകൂട്ടായ്മകളില്‍ പങ്കെടുത്ത് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിവരുകയാണ്. പ്രധാനമന്ത്രി ത്രിപുരയില്‍ വച്ച് റബര്‍വില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. ഇത്രയുമെല്ലാം ഉറപ്പുകളും വാഗ്ദാനങ്ങളും നല്കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരേ ഉയരുന്ന ജനരോഷം ബിജെപി തിരിച്ചറിയുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് മാതൃകയില്‍ കേന്ദ്രത്തിന്റെ സഹായനിധി കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ടയര്‍ലോബിയില്‍ നിന്നുള്ള സംരക്ഷണം, റബറിനെ കാര്‍ഷികോല്പന്നമായി പ്രഖ്യാപിക്കല്‍ തുടങ്ങിയവയും കേന്ദ്രസര്‍ക്കാരിന് അനായാസം ചെയ്യാം. റബര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും ടയര്‍ലോബിയുടെ പിടിയിലമര്‍ന്നതുകൊണ്ടാണ് റബര്‍ വില കുത്തനെ ഇടിയുമ്പോള്‍ ടയര്‍വില വാണം പോലെ കുതിച്ചുയരുന്നത്. ടയര്‍ലോബിയുടെ വമ്പിച്ച സാമ്പത്തിക സ്വാധീനത്തിന്റെ മുന്നില്‍ കേന്ദ്രവും റബര്‍ബോര്‍ഡും വില്ലുപോലെ വളയുന്നത് കര്‍ഷകര്‍ കാണുന്നുണ്ട്.

Read Also: മുസ്ലീം വീട് സന്ദര്‍ശനം കുറുക്കന്‍ കോഴിയെ കാണാന്‍ വരുന്നതുപോലെ; കെ.സുധാകരന്‍

റബര്‍ കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുന്നത് കേന്ദ്രമോ, സംസ്ഥാനമോ എന്നത് സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയാറാണ്. പിണറായി സര്‍ക്കാര്‍ റബര്‍വില സ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ് (6%)എന്ന വസ്തുത ഇടതുസര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. റബര്‍ കര്‍ഷകരോടൊപ്പം നിൽക്കേണ്ട കേരള കോണ്‍ഗ്രസ് – എം കര്‍ഷകദ്രോഹ മുന്നണിയിലെത്തിയപ്പോള്‍ നിശബ്ദരായെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: K. Sudhakaran wants hike in rubber prices to ₹300 per kg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top