Advertisement

‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി’; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

April 18, 2023
Google News 3 minutes Read
'One playground in one panchayat project'; Pinarayi Vijayan will inaugurate tomorrow

കായിക മേഖലയെ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് നാളെ തുടക്കമാകും. ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന വിപുലമായ പദ്ധതിയുടെ ഉദ്ഘാടനം, രാവിലെ 11 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. (‘One playground in one panchayat project’; Pinarayi Vijayan will inaugurate tomorrow)

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. കായിക ക്ഷമതാ മിഷന്‍, തദ്ദേശ സ്ഥാപനതല സ്‌പോട്‌സ് കൗണ്‍സില്‍, 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും.

ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് 1 കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും. പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രമാണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ്പ്രധാനമായും തയ്യാറാക്കുക.

ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ കോര്‍ട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകുമിത്. സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. എന്നാല്‍, കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിര്‍മ്മാണ ചുമതല.

Story Highlights: ‘One playground in one panchayat project’; Pinarayi Vijayan will inaugurate tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here