‘സഞ്ജു ധോണിയെപ്പോലെ’; ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവണമെന്ന് ഹർഭജൻ സിംഗ്

മലയാളി താരവും രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ ഇതിഹാസ താരവും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയോട് ഉപമിച്ച് മുൻ ദേശീയ താരം ഹർഭജൻ സിംഗ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ ആവേശ ജയം കുറിച്ചതിനു പിന്നാലെ സ്റ്റാർ സ്പോർട്സിനോടാണ് ഹർഭജൻ്റെ പ്രതികരണം. (harbhajan compare sanju dhoni)
“നമ്മൾ സഞ്ജുവിൽ നിന്ന് മറ്റൊരു നല്ല ഇന്നിംഗ് കണ്ടു. ഞാനിത് മുൻപും പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമാവണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിടാൻ അവനറിയാം. സമ്മർദ്ദം ഉൾക്കൊള്ളാൻ അവനറിയാം. കരുത്തുറ്റ താരമാണ്. തൻ്റെ കഴിവിൽ അദ്ദേഹം വിശ്വസിക്കുന്നു, എംഎസ് ധോണിയെപ്പോലെ.”- ഹർഭജൻ പറഞ്ഞു.
Read Also: “രണ്ട് മുട്ട കൊണ്ട് കിട്ടിയ ഓംലെറ്റ് മതിയായി. ഇന്ന് റൺസ് എടുക്കണം”; വാക്ക് പാലിച്ച് സഞ്ജു സാംസൺ
ഗുജറാത്തിന്റെ സ്വന്തം മണ്ണിൽ രാജകീയമായി തന്നെയായിരുന്നു രാജസ്ഥാന്റെ ജയം. 3 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് ഗുജറാത്തിനെ വീഴ്ത്തിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത രാജസ്ഥാനെതിരെ 45 റൺസ് നേടിയ ഗില്ലിന്റെയും 46 റൺസ് നേടിയ മില്ലറിന്റെയും കരുത്തിൽ 177 റൺസാണ് ഗുജറാത്ത് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ മുൻനിര താരങ്ങളെ പെട്ടെന്ന് നഷ്ടമായിട്ടും പവർ പ്ലേയിൽ കാര്യമായ റൺസ് സ്കോർ ചെയ്യാൻ കഴിയാതിരുന്നിട്ടും സഞ്ജുവെന്ന നായകന്റെ കരുത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു രാജസ്ഥാൻ.
ഒരു ഘട്ടത്തിൽ 4 വിക്കറ്റിന് 55 റൺസ് എന്ന നിലയിൽ വീണിടത്തു നിന്നാണ് 32 പന്തിൽ 60 റൺസ് നേടിയ സഞ്ജുവിന്റെയും 26 പന്തിൽ 56 റൺസ് നേടിയ ഹെറ്റ്മയറുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ രാജസ്ഥാൻ വിജയ തീരത്തെത്തിയത്. അവസാന ഓവറുകളിൽ 10 പന്തിൽ 18 റൺസ് നേടിയ ധ്രുവ് ജൂറലും മൂന്ന് പന്തിൽ 10 റൺസ് നേടിയ ആർ. അശ്വിനും വിജയത്തിൽ വലിയ പങ്കുവഹിച്ചു. ജയത്തോടെ രാജസ്ഥാൻ പോയിൻ്റ് പട്ടികയിലെ ആദ്യ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ രാജസ്ഥാൻ നേരിടും. തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ് മത്സരം.
Story Highlights: harbhajan singh compare sanju dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here