വേനൽ ചൂട്: രാജ്യത്തെ മികച്ച ഹീറ്റ് ആക്ഷൻ പ്ലാനുകളുടെ പട്ടികയിൽ കേരളം മുന്നിൽ

വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന് ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ പോളിസി റിസർച്ച് രാജ്യത്തെ 37 ഹീറ്റ് ആക്ഷൻ പ്ലാനുകളിൽ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സ്കോർ നേടിയത്. നേട്ടം അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന് ദേശീയ തലത്തിൽ പ്രശംസ നേടിയത് അഭിനന്ദനാർഹമാണ്. ഡൽഹി ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ പോളിസി റിസർച്ച് (സി.പി.ആർ) രാജ്യത്തെ 37 ഹീറ്റ് ആക്ഷൻ പ്ലാനുകളിൽ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സ്കോർ നേടിയത്.
വേനൽ ചൂടിലുണ്ടാകുന്ന വർധനവ്, അപകട സാധ്യത, ചൂട് നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്നിവ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. വേനൽ ചൂട് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാന സൗകര്യം, സങ്കേതികവിദ്യയുടെ ഉപയോഗം, പാരിസ്ഥിതികം എന്നിങ്ങനെ വിവിധ മേഖലകള്‍ തിരിച്ച് ഹ്രസ്വ- ദീർഘകാല പരിഹാരം ഒരുക്കുന്നതിലും കേരളം മുന്നിലാണ്. ഓൺലൈൻ ഭക്ഷണ വിതരണക്കാർ പോലെയുള്ള പുതിയ കാലത്തെ വൾനറബിൾ ഗ്രൂപ്പുകളെ കണ്ടെത്താൻ കേരളത്തിലെ ആക്ഷൻ പ്ലാൻ മാത്രമാണ് ശ്രമിച്ചതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ഒരു മികച്ച ആക്ഷൻ പ്ലാനിനാവശ്യമായ സൂചികകളായി പഠനം കണക്കാക്കിയ മേഖലകളെയെല്ലാം കേരളത്തിലെ ഹീറ്റ് ആക്ഷൻ പ്ലാൻ അഡ്രെസ്സ് ചെയ്തിട്ടുണ്ട്. 2020 ലാണ് ‘കേരള സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ’ എന്ന പേരിൽ കേരളത്തിന്റെ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ചത്. ചൂട് കൂടി വരുന്ന സാഹചര്യം ദീർഘവീക്ഷണത്തോടെ കണ്ടുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്വീകരിച്ച നടപടികൾക്കും ഹീറ്റ് ആക്ഷൻ പ്ലാനിന് പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ. നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
Story Highlights: Kerala tops the list of best heat action plans in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here