മുഹമ്മദ് നബിയും അനുചരന്മാരും പെരുന്നാൾ ആഘോഷിച്ചതെങ്ങനെ?; ഹദീസുകൾ പറയുന്നത് ഇപ്രകാരം

ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ടാനത്തിനു ശേഷം മറ്റൊരു ചെറിയ പെരുന്നാൾ കൂടി ആഗതമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുസ്ലിം മതാനുയായികൾ പെരുന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ്. പലതരത്തിലാണ് ഇപ്പോൾ ഈദുൽ ഫിത്ർ ആഘോഷിക്കപ്പെടുന്നത്. എന്നാൽ, മുഹമ്മദ് നബിയും അനുചരന്മാരും (സഹാബികൾ) പെരുന്നാൾ ആഘോഷിച്ചത് ചില പ്രത്യേക പതിവുകളുമായാണ്. (Muhammad prophet eid fitr)
പെരുന്നാളിൻ്റെ തലേ രാത്രി അവർ തക്ബീർ മുഴക്കും. സൂര്യാസ്തമനം മുതൽക്ക് തന്നെ തക്ബീർ വിളികൾ ആരംഭിക്കും. പള്ളികളിലും പൊതു സ്ഥലങ്ങളിലുമൊക്കെ അവർ തക്ബീർ മുഴക്കും. ഈ പതിവ് ഇപ്പോഴും തുടർന്നുപോരുന്നുണ്ട്. പിറ കണ്ട് പെരുന്നാളാണെന്ന് മനസിലാക്കിത്തുടങ്ങുന്നത് മുതലോ റമദാൻ 30 പൂർത്തിയാക്കുന്ന അന്ന് മഗ്‌രിബ് നിസ്കാരം മുതലോ പള്ളികൾ തക്ബീർ വിളികൾ മുഴങ്ങും. പൊതുയിടങ്ങളിൽ ഇപ്പോൾ തക്ബീർ മുഴക്കാറില്ല.
പെരുന്നാൾ നിസ്കാരത്തിനു മുൻപ് മുഹമ്മദ് നബി മധുരം കഴിക്കുന്നത് പതിവായിരുന്നു. ബുഖാരിയും അഹ്‌മദും റിപ്പോർട്ട് ചെയ്യുന്ന ഹദീസുകൾ (മുഹമ്മദ് പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾ) പ്രകാരം ഒറ്റയക്കം ഈന്തപ്പഴങ്ങളാണ് അദ്ദേഹം കഴിച്ചിരുന്നത്. ഈ പതിവ് ഇപ്പോൾ ചിലയിടങ്ങളിലുണ്ട്. കുളിച്ച് ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സുഗന്ധദ്രവ്യം പൂശിയാണ് മുഹമ്മദ് നബിയും അനുചരന്മാരും പെരുന്നാൾ നിസ്കാരത്തിനു പോയിരുന്നത്. ഈ പതിവും ഇപ്പോഴുണ്ട്. ഏറ്റവും നല്ല വസ്ത്രങ്ങൾക്ക് പകരം പുതിയ വസ്ത്രങ്ങളാണ് ഇപ്പോൾ അണിയാറ്.
ഈദ് നിസ്കാരത്തിന് തൻ്റെ മക്കളെയും ഭാര്യമാരെയും മുഹമ്മദ് കൊണ്ടുപോകുമായിരുന്നു എന്ന് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസുകൾ പറയുന്നു. നിസ്കാരത്തിനു ശേഷം അദ്ദേഹം ഒരു പ്രഭാഷണം നടത്തുമായിരുന്നു. ഈ പതിവ് ഇപ്പോൾ ഉണ്ട്.
ഈദ് നിസ്കാരത്തിനു മുൻപ് അവർ ഫിത്ർ സക്കാത്ത് നൽകുമായിരുന്നു. ഒന്നോ രണ്ടോ ദിവസം മുൻപ് ഇത് നൽകലായിരുന്നു പതിവ്. ആഘോഷത്തിൻ്റെ ദിനമായ പെരുന്നാളിൽ ആരും പട്ടിണി കിടക്കരുതെന്നതാണ് ഫിത്ർ സക്കാത്തിൻ്റെ ഉദ്ദേശ്യം. പെരുന്നാൾ പകലിലും രാത്രിയിലും തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായ ആശ്രിതർക്കുമുള്ള ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ ഒഴിച്ച് ബാക്കി വല്ലതും ശേഷിച്ചാൽ അതിൽ നിന്ന് ഒരു പങ്ക് ഫിത്ർ സക്കാത്ത് നൽകണം. നാട്ടിലെ മുഖ്യ ആഹാരമായ ധാന്യമോ അതിനു തത്തുല്യമായ പണമോ നൽകണം. വീടുകളിൽ നേരിട്ടാണ് മുഹമ്മദ് നബിയും അനുചരന്മാരും നൽകിയിരുന്നത്. ഇപ്പോൾ പണമായി ആളുകൾ പള്ളിയിൽ നൽകുന്നു. പള്ളിയിൽ നിന്ന് ധാന്യമായോ മറ്റോ അത് വീടുകളിലെത്തിക്കും.
നിസ്കാരത്തിനു ശേഷം പരസ്പരമുള്ള സ്നേഹം പുതുക്കലിനായി ഇവർ ആലിംഗനം ചെയ്യാറുണ്ടായിരുന്നു. ഈ പതിവ് ഇപ്പോഴുമുണ്ട്. നിസ്കാരത്തിനു ശേഷം പള്ളിയിലേക്ക്/ഈദ് ഗാഹിലേക്ക് എത്തിയ വഴിയിൽ നിന്ന് മാറി മറ്റൊരു വഴിയിലൂടെയാണ് അവർ അന്ന് തിരികെ വീട്ടിലേക്ക് പോയിരുന്നത്. ഈ ആചാരം ചിലർ പിന്തുടരുന്നുണ്ട്.
Story Highlights: Muhammad prophet eid al fitr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here