ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും; മാറ്റവുമായി രാജസ്ഥാൻ, അഞ്ചാം ജയം ലക്ഷ്യമിട്ട് സഞ്ജുവും സംഘവും

ഐപിഎൽ 2023 ലെ 26-ാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ടീമിൽ മാറ്റം വരുത്തിയാണ് രാജസ്ഥാൻ ഇറങ്ങുന്നത്. ആദം സാമ്പയ്ക്ക് പകരം ജേസൺ ഹോൾഡർ ടീമിൽ തിരിച്ചെത്തി. അതേസമയം, മാർക്ക് വുഡിനെ എൽഎസ്ജി പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ചാം ജയമാണ് സഞ്ജുവും സംഘവും ഇന്ന് ലക്ഷ്യമിടുന്നത്. ഇരുവരുടെയും ആറാം മത്സരമാണ് ഇത്.
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. നാല് വർഷത്തിന് ശേഷമാണ് ഈ സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ച സഞ്ജു സാംസണിന്റെ പിങ്ക് ആർമിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എൽഎസ്ജി രണ്ടാം സ്ഥാനത്തും. കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മൂന്ന് ജയവും രണ്ട് തോൽവിയും രേഖപ്പെടുത്തി.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ടീം പരാജയപ്പെടുത്തിയത്. മറുവശത്ത് കെ.എൽ രാഹുലിന്റെ ലഖ്‌നൗ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് തോറ്റു. അതേസമയം രാജസ്ഥാനെ തോൽപ്പിക്കാൻ ലക്നൗവിന് കഴിഞ്ഞിട്ടില്ല. രണ്ടു വട്ടം ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം സഞ്ജുവിനൊപ്പം നിന്നു.
രാജസ്ഥാൻ: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റനും വിക്കറ്റ് കീപ്പറും), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, ജേസൺ ഹോൾഡർ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.
ലഖ്‌നൗ: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, കൈൽ മെയേഴ്‌സ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), നവീൻ-ഉൾ-ഹഖ്, ആയുഷ് ബഡോണി, ആവേശ് ഖാൻ, യുധ്വീർ സിംഗ് ചരക്, രവി ബിഷ്‌ണോയി.
Story Highlights: Rajasthan opt to bowl Holder replaces Zampa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here