ചാമ്പ്യൻസ് ലീഗ്: റോയലായി റയൽ സെമിയിലേക്ക്; പതിനാറ് വർഷങ്ങൾക്ക് ശേഷം മിലാനും

ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പ്രവേശനം രാജകീയമാക്കി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. ഇന്ന് പുലർച്ചെ നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്. ഇന്നലെ ഇരട്ട ഗോളുകളുമായി യുവതാരം റോഡ്‌റിഗോ തിളങ്ങിയപ്പോൾ ഇരു പാദങ്ങളിലുമായി റയൽ മാഡ്രിഡിന്റെ വിജയം മറുപടിയില്ലാത്ത നാലുഗോളുകൾക്ക്. രണ്ടാം പാദത്തിൽ നാപോളിയെ സമനിലയിൽ തളച്ച് നിലവിലെ ഇറ്റാലിയൻ ലീഗ് ജേതാക്കളായ എസി മിലാൻ പതിനാറു വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് കടന്നു. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് നാപോളിയെ തോൽപ്പിക്കാൻ സാധിച്ചതാണ് മിലാനെ സെമിയിലേക്ക് നീങ്ങുന്നതിനും സഹായിച്ചത്. Real Madrid and AC Milan to Semifinals of Champions League
ഗോളിലെത്തിക്കാനാകാതെ നഷ്പ്പെടുത്തിയ അവസരങ്ങൾ തീർച്ചയായും ചെൽസിയുടെ കുക്കുറെലയെയും കാന്റെയെയും വേട്ടയാടുമെന്ന് ഉറപ്പാണ്. പുതിയ പരിശീലകൻ ലാംപാർടിന് കീഴിലും ചെൽസിയുടെ ദുരന്ത കഥ തുടരുകയാണ്. റോഡ്‌റിഗോ എന്ന ഇരുപത്തിരണ്ടു വയസ്സുകാരനാണ് ഇന്നലെ ചെൽസിയെ വീഴ്ത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതി ശേഷം 58-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നൽകിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് റോഡ്‌റിഗോ ആദ്യ ഗോൾ നേടി. എൺപതാമത്തെ മിനിറ്റിലാണ് മാഡ്രിഡിന്റെ രണ്ടാമത്തെ ഗോൾ പിറന്നത്. വഴിയൊരുക്കിയത് മധ്യനിര താരമായ ഫെഡറികോ വൽവെർദെ. തിയാഗോ സിൽവയെ മറികടന്ന് ബോക്സിലേക്ക് ഇട്ടുകൊടുത്ത പന്ത് വലയിലെത്തിക്കുക എന്നത് മാത്രമേ റോഡ്രിഗോയുടെ മുന്നിൽ ഉണ്ടാകുകയുള്ളൂ.
Read Also: കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു
ആവേശോജ്വലമായിരുന്നു ഇന്നലത്തെ നാപോളി – മിലൻ പോരാട്ടം. മത്സരത്തിൽ പൂർണമായ ആധിപത്യം പുലർത്തിയത് നാപോളിയാണ്. എക്കാലവും പേരുകേട്ട പ്രതിരോധ ശൈലിയായിരുന്നു ഇന്നലെ മത്സരം മിലാന്റെ വഴിയിലേക്ക് എത്തിച്ചത്. 43-ാം മിനുട്ടിൽ ജിറൂദിന്റെ ഗോളിൽ മുന്നിലെത്തിയ മിലാൻ രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇന്റർസെപ്ഷനുകളും ബ്ലോക്കുകളും ക്ലീയറെൻസുകളുമായി മിലാൻ പ്രതിരോധ നിര രണ്ടാം പകുതിയിൽ കളം പിടിച്ചതോടെ നാപോളിയുടെ ആക്രമണങ്ങളുടെ ചിറകൊടിഞ്ഞു. നാപോളി താരം ക്വാവിച്ചയുടെ പെനാൽറ്റി തടഞ്ഞിട്ടു മിലാൻ ഗോൾകീപ്പർ മൈക്ക് മൈഗ്നൻ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഓഷിംഹെൻ നാപോളിക്കായി സമനില ഗോൾ നേടിയെങ്കിലും അത് പോരായിരുന്നു. ആദ്യ പാദത്തിലെ ലീഡിൽ മിലാൻ സെമിയിലേക്ക് പ്രവേശിച്ചു.
Story Highlights: Real Madrid and AC Milan to Semifinals of Champions League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here