Advertisement

യുപിഐ ഇടപാടിന് ശേഷം ബാങ്ക് അക്കൗണ്ട് ഫ്രീസ് ആകുന്ന പ്രശ്‌നം; പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

April 20, 2023
2 minutes Read
kerala highcourt about upi transaction

ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുന്ന പ്രശ്‌നത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. അക്കൗണ്ടുകൾ ഫ്രീസ് ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. സിആർപിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നുവെന്നും കോടതിയുടെ ചോദ്യം. ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്. ( kerala highcourt about upi transaction )

യുപിഐ വഴി ഇടപാട് നടത്തുന്ന പലരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭവം കഴിഞ്ഞ കുറച്ച് ദിവസമായി പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തുച്ഛമായ പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകൾ പോലും ഇത്തരത്തിൽ ഫ്രീസാവുകയാണ്. കൃത്യമായി കാരണം കാണിക്കാതെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഉപയോക്താക്കൾ ഉയർത്തുന്ന ചോദ്യം.

എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നു എന്ന് സംശയമുണ്ടായാൽ തന്നെ അന്വേഷണ ഏജൻസികൾക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ട്. ഈ നിയമസാധ്യത മുൻനിർത്തിയാണ് നിലവിൽ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. രാജ്യത്തെ ക്രിമിനൽ നടപടിക്രമം 102-ാം വകുപ്പ് പ്രകാരം ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നിർദേശം നൽകാനുള്ള അധികാരം അന്വേഷണ ഏജൻസികൾക്കും പൊലീസിനുമുണ്ട്. ഇക്കാര്യത്തിൽ ബാങ്ക് അധികൃതർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പരാതിയുള്ളവർ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.

നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. ഡിജിറ്റൽ പേയ്മെന്റ് വർധിക്കുന്ന ഇക്കാലക്ക് യുപിഐയെ ചുറ്റിപറ്റിയുള്ള നൂലാമാലകളും ഉപയോക്താക്കളുടെ ആശങ്കകളും പരിഹരിക്കണമെന്നുമാണ് ഇടപാടുകാരുടെ ആവശ്യം.

Story Highlights: kerala highcourt about upi transaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top