‘റിയൻ പരാഗ് നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നു’; മോശം ഫോം ട്രെയിനിങ്ങിൽ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സംഗക്കാര

റിയൻ പരാഗ് നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. ധ്രുവ് ജുറേലിന് പേസർമാരെ ആക്രമിക്കാൻ കഴിയുന്നതുകൊണ്ടാണ് പരാഗിനെ നേരത്തെ ഇറക്കിയതെന്ന് സംഗക്കാര പറഞ്ഞു. ലക്നൗവിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സംഗക്കാര.
“അവസാന ഓവറുകളിൽ പരാഗിന് തുടരെ സിക്സറുകൾ നേടാനാവും. അവന് കൃത്യമായ ഒരു പദ്ധതിയുണ്ട്. പേസിനെ നേരിടാൻ ധ്രുവ് ജുറേൽ ഉണ്ടായിരുന്നു. മധ്യ ഓവറുകളിൽ രണ്ട് മൂന്ന് സിക്സർ മതിയായിരുന്നു.”- സംഗക്കാര പറഞ്ഞു.
പരാഗ് നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നു എന്ന് സംഗക്കാര കൂട്ടിച്ചേർത്തു. തങ്ങൾ താരങ്ങളെ നന്നായി പിന്തുണയ്ക്കും. പരാഗും ദേവ്ദത്ത് പടിക്കലും ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയി വന്നിരുന്നു. തങ്ങൾക്ക് നല്ല ആഭ്യന്തര താരങ്ങളുണ്ട്. നിർഭാഗ്യവശാൽ, അവനിപ്പോൾ നല്ല ഫോമിലല്ല. അത് ട്രെയിനിങ്ങിൽ പരിഹരിക്കാൻ ശ്രമിക്കും. വരുന്ന മത്സരങ്ങളിൽ കാര്യങ്ങൾ എങ്ങനെയാണ് എന്നതിനനുസരിച്ച് തീരുമാനിക്കും.
ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി 52 മത്സരങ്ങൾ കളിച്ചെങ്കിലും പരാഗ് പെരുമയ്ക്കൊത്ത പ്രകടനമല്ല കാഴ്ചവച്ചത്. 16.46 ശരാശരിയും 123.61 സ്ട്രൈക്ക് റേറ്റും അടക്കം 576 റൺസ് മാത്രമേ താരം നേടിയിട്ടുള്ളൂ. ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 13.50 ശരാശരിയും 112.50 സ്ട്രൈക്ക് റേറ്റും സഹിതം വെറും 54 റൺസ് ആണ് താരത്തിൻ്റെ സമ്പാദ്യം. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ 12 പന്തിൽ 15 റൺസ് മാത്രം നേടിയ പരാഗ് രാജസ്ഥാൻ്റെ തോൽവിയിൽ നിർണായക പങ്കുവഹിച്ചിരുന്നു.
Story Highlights: riyan parag form sangakara rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here