പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ 7 പേരെന്ന് സൂചന

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതിനുപിന്നിൽ പാക് ദേശീയവാദ ഗ്രൂപ്പുകളാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. (7 terrorists involved in Poonch terror attack that killed 5 Army jawans: Sources)
ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളുടെ രജൗരിയിൽ സജീവമായ ഭീകരരുടെ സഹായത്തോടെയായിരുന്നു ആക്രമണം. പാക് അധീന കശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറിയതായുള്ള റിപ്പോർട്ടുകൾ ഇന്റലിജൻസ് ഏജൻസികൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷിന്റെ പിന്തുണയുള്ള ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഡ്രോണുകളും സ്‌നിഫർ നായ്ക്കളെയും ഉപയോഗിച്ച് ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസേന ബറ്റാ-ഡോരിയ മേഖലയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘം ഉൾപ്പെടെ രണ്ട് എൻഐഎ സംഘങ്ങളും കേസന്വേഷിക്കാൻ പൂഞ്ചിൽ എത്തുന്നുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈവേയിലാണ് ആക്രമണം നടന്നത്. ബിംബർ ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്.
Story Highlights: 7 terrorists involved in Poonch terror attack: Sources
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here