പേസ്റ്റ് രൂപത്തിലാക്കി, കാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമം; ദുബായിൽ നിന്നെത്തിയ യുവാവ് അറസ്റ്റിൽ

ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 1128 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യുവാവ് പേസ്റ്റ് രൂപത്തിലാക്കി, കാലിൽ കെട്ടിവച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 60.58 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ( Gold smuggling youth arrested at Chennai airport ).
വിസിറ്റിങ് വിസയിൽ ദുബായിൽ പോയി മടങ്ങിയ യുവാവിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് യുവാവിൽ സംശയം തോന്നിയത്. പിന്നീട് സ്വകാര്യ മുറിയിലേയ്ക്ക് കൊണ്ടു പോയി പരിശോധിച്ചു. കാലിൽ ഇയാൾ ബാൻഡേജുകൾ ഇട്ടിട്ടുണ്ടായിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ സന്ധിവേദനയാണെന്നും ഡോക്ടർ നിർദ്ദേശിച്ച പ്രകാരമാണ് ബാൻഡേജ് ധരിച്ചതെന്നും പറഞ്ഞു.
Read Also: കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥർ ബാൻഡേജ് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പ്രത്യേക കവറിലാക്കി, ബാൻഡേജിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. രണ്ടു ബാഗുകളിലായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ചെന്നൈ സ്വദേശിയായ ഇയാളെ കസ്റ്റംസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. വിസിറ്റിങ് വിസയിൽ ദുബൈയിലെത്തി അവിടെ നിന്നും ഇൻഡ്യയിലേയ്ക്ക് സ്വർണം കടത്തുന്ന സംഘത്തിലെ സ്ഥിരം അംഗമാണോ ഇയാളെന്ന് കസ്റ്റംസ് അന്വേഷിച്ചു വരികയാണ്.
Story Highlights: Gold smuggling youth arrested at Chennai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here