മലപ്പുറം ജില്ലയോട് കടുത്ത അവഗണ; വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ വിമർശനവുമായി പി.എം.എ സലാം

വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ കടുത്ത വിമർശനവുമായി മുസ്ലിംലീഗ്. സ്റ്റോപ്പ് അനുവദിക്കുന്നതിൽ തിരൂരിനെ കേന്ദ്രവും റെയിൽവേ മന്ത്രാലയവും അവഗണിച്ചെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. ട്രെയിൻ യാത്രയ്ക്കായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് തിരൂർ. മലപ്പുറത്തെ ജനങ്ങളുട അവകാശങ്ങൾ എന്തെങ്കിലും വിരോധത്തിന്റെ പേരിൽ അവഗണിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ല. രാഷ്ട്രീയത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മറ്റുള്ളവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ല. ആവശ്യം അംഗികരിക്കാത്ത പക്ഷം സമരപരിപാടികളിലേക്ക് കടക്കുമെന്നും പി എം എ സലാം വ്യക്തമാക്കി.
വന്ദേ ഭാരത് അടക്കം പ്രധാനപ്പെട്ട 14 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധിച്ച് കെ ടി ജലീലും രംഗത്തെത്തിയിരുന്നു. 45 ലക്ഷം ആളുകൾ ജീവിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാകണമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന പ്രധാനപ്പെട്ട 14 ട്രെയിനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ലെന്നും ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. വന്ദേ ഭാരതിന് തുടക്കത്തിൽ തിരൂരിൽ സ്റ്റോപ് അനുവദിച്ചിരുന്നു. എന്നാൽ, ഷൊറണൂരിന് സ്റ്റോപ് നൽകിയപ്പോൾ തിരൂരിനെ ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read Also: വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്, വ്യാഴാഴ്ച സർവീസില്ല
അതിനിടെ വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞു. സിപിഐഎം ഇന്ന് വൈകീട്ട് തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നുണ്ട്. യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറത്തെ പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും ഇതുവഴി കടന്നു പോകുന്ന പല പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ലാത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
Story Highlights: PMA Salam on Vande Bharat Tirur stop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here