കർണാടക തെരഞ്ഞെടുപ്പ് : ലിംഗായത്ത് മഠത്തിൽ നിന്ന് പ്രചാരണം ആരംഭിച്ച് രാഹുൽ ഗാന്ധി

കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയെത്തി. ഹുബ്ബള്ളിയിലെ ലിംഗായത്ത് മഠത്തിൽ നിന്നാണ് രാഹുൽ പ്രചാരണം ആരംഭിച്ചത്. വൈകിട്ട് വിജയപുരയിലെ റാലിയിലും രാഹുൽ പങ്കെടുക്കും. അതിനിടെ, ബിജെപിയ്‌ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചു. കെപിസിസി ആസ്ഥാനത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ( Rahul Gandhi Karnataka Election )
ലിംഗായത്ത് ആചാര്യനായ ബസവണ്ണയുടെ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് രാഹുൽ കുടല സംഗമയിൽ എത്തിയത്. കർണാടകയിലെ വോട്ടുബാങ്കാണ് ലിംഗായത്ത സമുദായം. ബിജെപിയുടെ ഉറച്ച കോട്ടയായ സാമുദായിക വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കോൺഗ്രസിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. വോട്ടുകൾ ഉറപ്പിയ്ക്കുകയെന്ന ലക്ഷ്യവും രാഹുലിന്റെ സന്ദർശനത്തിലുണ്ട്. ഏറെ പ്രതിസന്ധികൾ ഉണ്ടായിട്ടും തളരാതെ സത്യത്തിനു വേണ്ടിയും സമത്വത്തിനു വേണ്ടിയും നിലകൊണ്ട ആളാണ് ബസവണ്ണ. സത്യം പറയുന്നവർക്ക് പ്രചോദനമാണ് ബസവണ്ണയെന്നും ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയിൽ ബി ജെ പി യ്ക്ക് എതിരായ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുകയാണെന്ന് സിപിഐ പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല, സിപിഐ സംസ്ഥാന സെക്രട്ടറി സതി സുന്ദരേഷ്, എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് എച്ച് വി അനന്ത സുബ്ബറാവു എന്നിവർ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളത്തിലായിരുന്നു പ്രഖ്യാപനം.
സിപിഐ മത്സരിയ്ക്കുന്ന ഏഴു സീറ്റുകളിൽ സൗഹൃദ മത്സരം നടക്കും. ബാഗെപ്പള്ളിയിൽ സിപിഐ പിന്തുണ സിപിഎം സ്ഥാനാർത്ഥിയ്ക്കാണ്. മെലുക്കോട്ടയിൽ സർവോദയ കന്നട പാർട്ടിയ്ക്കാണ് പിന്തുണ. ബാക്കിയുള്ള 215 സീറ്റുകളിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് സിപിഐ അറിയിച്ചു. ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചാരണമാണ് ഇരുപാർട്ടികളും നടത്തുന്നത്. നാളെ ബെലഗാവിയിലാണ് രാഹുലിന്റെ സന്ദർശനം. ഹംഗലിൽ നടക്കുന്ന റാലിയിലും രാഹുൽഗാന്ധി പങ്കെടുക്കും. 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തുക.
Story Highlights: Rahul Gandhi Karnataka Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here