പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോണ്‍ക്ലേവില്‍ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. (Prime Minister Narendra Modi will arrive Kochi today)
എന്നാല്‍ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത പട്ടികയില്‍ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ കൊച്ചിയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കും.
അതേസമയം നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും, സെന്‍ട്രല്‍ സ്റ്റേഡിയത്തിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികള്‍.ഇതിനോടകം തന്നെ രണ്ടു സ്ഥലങ്ങളിലെയും സുരക്ഷ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു. നഗരത്തില്‍ പൊലീസ് നിരീക്ഷണം കുറേ ദിവസങ്ങളായി തുടരുകയാണ്.സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. നാളെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടും.തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
Story Highlights: Prime Minister Narendra Modi will arrive Kochi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here