കേരളത്തിലെ ജനങ്ങളെ വർഗീയവൽക്കരിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പ്രധാനമന്ത്രിയുടെ ശ്രമം; കെ. സുധാകരൻ

കേരളത്തിലെ ജനങ്ങളെ ധൃവീകരിച്ചും വർഗീയവത്കരിച്ചും രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഹീനശ്രമമാണ് പ്രധാനമന്ത്രി കേരളത്തിൽ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ജനങ്ങളെ സംയോജിപ്പിക്കുന്ന പ്രഗത്ഭരായ പ്രധാനമന്ത്രിമാരെ കാണുകയും കേൾക്കുകയും ചെയ്ത കേരളത്തിന് ഇതു നടാടെയുള്ള കയ്‌പേറിയ അനുഭവമാണ്. ( Narendra Modi communalises people; K Sudhakaran ).
സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂർണമായി അവഗണിച്ചും അപമാനിച്ചുമാണ് പ്രധാനമന്ത്രി കേരളത്തിൽ പര്യടനം നടത്തിയത്. പ്രധാനമന്ത്രിയുടെ പാർട്ടിയിലെ ഒരു നേതാവ് കർണാടകത്തിൽ ഇവരുടെ വോട്ടുവേണ്ടെന്നുപോലും തുറന്നടിച്ചു. അതു തന്നെയാണ് പ്രധാനമന്ത്രി ഇവിടെയും പറയാതെ പറഞ്ഞത്. മറ്റൊരു വിഭാഗത്തെ കണ്ടെങ്കിലും അവരുടെ ഇടയിലും വിഭജനം ഉണ്ടാക്കി ചിലരെ കാണാൻ കൂട്ടാക്കിയില്ല. ഒരു ബിജെപി നേതാവിന് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമെങ്കിലും ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുന്നത് അചിന്തനീയമാണെന്ന് സുധാകരൻ പറഞ്ഞു.
പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും സഹവർത്തിത്വത്തോടെയും മൂന്നു പ്രബല സമുദായങ്ങൾ ജീവിക്കുന്നിടത്താണ് നരേന്ദ്രമോദി വിഭജന, ധൃവീകരണ അടവുകളുമായി എത്തിയത്. കേരളത്തിന്റെ ജനാധിപത്യ മതേതരത്വ ശ ശക്തി ഇതാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ മസ്തകത്തിലാണ് സംഘപരിവാർ ശക്തികൾ ആഞ്ഞടിക്കുന്നത്. മതേതരത്വത്തെ തകർക്കാൻ ബിജെപി വർഷങ്ങളായി നടത്തുന്ന പരിശ്രമങ്ങളിൽ എണ്ണപകരാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇതിനെ ചെറുത്തുതോല്പിക്കാൻ കേരളത്തിൽ മതേതര, ജനാധിപത്യ ശക്തിയുണ്ടെന്ന് സംഘപരിവാരങ്ങൾ ഓർക്കണമെന്ന് സുധാകരൻ പറഞ്ഞു.
ക്രൈസ്തവ മേലധ്യക്ഷൻമാരെ കണ്ട പ്രധാനമന്ത്രി ക്രൈസ്തവർക്കെതിരേ രാജ്യമെമ്പാടും നടക്കുന്ന ആക്രമണങ്ങളെ അപലപിക്കാനോ, ഇനിയത് ആവർത്തിക്കില്ലെന്ന് ഉറപ്പുനല്കാനോ തയാറായില്ല. അവർ മുന്നോട്ടുവച്ച ആശങ്കകളോടും ആവശ്യങ്ങളോടും പരാതികളോടും പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. അതു വരുമെന്നാരും പ്രതീക്ഷിക്കുകയും വേണ്ട. പ്രധാനമന്ത്രിയുടെ വികസന പരിപാടികളിൽ നിന്ന് പ്രതിപക്ഷനേതാവിനെപ്പോലും മാറ്റിനിർത്തുകയാണ് മോദി- പിണറായി കൂട്ടുകെട്ട് ചെയ്തതെന്ന് സുധാകരൻ പറഞ്ഞു.
കേരളം ആവേശത്തോടെ കാത്തിരുന്ന റബറിന് 300 രൂപ, എയിംസ്, ശബരിറെയിൽ, സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായം തുടങ്ങിയവയൊന്നും പ്രഖ്യാപിക്കാതെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം നനഞ്ഞ പടക്കമായിരുന്നു. ബിജെപി കൊട്ടിഘോഷിച്ചു നടത്തിയ ‘യുവം സംവാദം’ ചോദ്യങ്ങളോ, ആശയകൈമാറ്റങ്ങളോ ഇല്ലാതെ മറ്റൊരു മൻകീ ബാത്തായി. ചോദ്യങ്ങൾ ഉന്നയിക്കാനും സംവദിക്കാനുമെത്തിയ യുവജനത പൊരിവെയിലത്ത് കാത്തിരുന്നു കരിഞ്ഞുപോയതു മിച്ചം.
രാജധാനി എക്‌സ്പ്രസ് (140 കിമീ സ്പീഡ്), ശതാബ്ദി എക്‌സ്പ്രസ് (150 കിമീ സ്പീഡ്), ഗരീബ്‌രഥ് എക്‌സ്പ്രസ് (130 കിമീ സ്പീഡ്), ഡുറന്റോ എക്‌സ്പ്രസ് (140 കിമീ സ്പീഡ്) തുടങ്ങിയ അനേകം അതിവേഗ ട്രെയിനുകൾക്ക് കോൺഗ്രസ് പ്രധാനമന്ത്രിമാർ തുടക്കമിട്ടപ്പോൾ അതൊന്നും കൊട്ടിഘോഷിച്ചില്ലെന്ന് കേരളത്തിലൊരു ട്രെയിൻ കൊണ്ടുവന്നിട്ട് ആഘോഷമാക്കിയ സംഘപരിവാരങ്ങളുടെ അറിവിലേക്ക് ചൂണ്ടിക്കാട്ടുവെന്നും സുധാകരൻ പറഞ്ഞു.
Story Highlights: Narendra Modi communalises people; K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here