ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് ബന്ധുവിനെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിച്ച് ബന്ധുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. ചുങ്കപ്പാറ സ്വദേശി റോബിൻ കോശിയാണ് പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് റോബിന്റെ ബന്ധുവായ കോശി തോമസിനെ കാറിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.
രണ്ടുതവണ നിറയൊഴിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല. വെടി പൊട്ടുന്ന ശബ്ദം കേട്ട് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതിനിടെ തോക്ക് സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം റോബിൻ കോശി പ്രദേശത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. മുൻപ് അമേരിക്കയിൽ താമസമാക്കിയിരുന്ന ഇയാൾ നാട്ടിലെത്തിയിട്ട് 10 വർഷമായി.
Read Also: മൂന്നു വർഷത്തിനിടെ മലയാളി തോക്കെടുത്തത് 10 തവണ; ക്രിമിനലുകൾക്കിടയിൽ തോക്ക് പ്രിയം വർധിക്കുന്നോ?
സ്ഥിരമായി മദ്യപിച്ച് ഇയാളുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുക്കളെ ഉൾപ്പെടെ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തന്റെ കയ്യിൽ തോക്ക് ഉണ്ട് എന്ന് ഇയാൾ മുൻപ് പലതവണ പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഇയാൾ വധശ്രമം നടത്തിയത്.
പൊലീസ് സംഘം നടത്തിയ തെരച്ചിലിൽ നാടൻ തോക്കും ആറ് തിരകളും സമീപത്തു നിന്ന് കണ്ടെത്തി. പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തോക്കിന് ലൈസൻസ് ഇല്ല എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: young man tried to kill his relative with an unlicensed gun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here