പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വോട്ടാക്കി മാറ്റാൻ ബിജെപി; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടെയുണ്ടായ രാഷ്ട്രീയ മേൽക്കൈ പ്രയോജനപ്പെടുത്താൻ ബിജെപി. നരേന്ദ്രമോദിയുടെ റോഡ് ഷോയിലും പരിപാടികളിലുമുണ്ടായ ജനപങ്കാളിത്തം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനാണ് ശ്രമം. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിൽ ഒരു ചലനവുമുണ്ടാക്കില്ലെന്നാണ് എൽഡിഎഫ്, യുഡിഎഫ് നേതൃത്വത്തിൻറെ വിലയിരുത്തൽ.(BJP to turn PM Modi’s Kerala visit into vote bank)
ചെറുപ്പക്കാരുടെ മനസ്സ് കീഴടക്കാൻ യുവതാരങ്ങളെ അണിനിരത്തി കൊച്ചിയിൽ യുവം പരിപാടി, ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടെ നിർത്താൻ മതമേലധ്യക്ഷന്മാരുമായി ചർച്ച, വികസനമുഖമുയർത്തി വന്ദേഭാരത് ഫ്ലാഗ് ഓഫും 3200കോടിയുടെ പദ്ധതി പ്രഖ്യാപനവും എന്നിവയാണ് ബിജെപി വോട്ടാക്കി മാറ്റാനൊരുങ്ങുന്നത്. മോദിയുടെ കേരള ആക്ഷൻ പ്ലാൻ വിജയകരമെന്നാണ് ബിജെപി നേതൃത്വത്തിൻറെ വിലയിരുത്തൽ.
പ്രധാനമന്ത്രിയുടെ പരിപാടിയിലേക്കും റോഡ് ഷോയിലേക്കും ഒഴുകിയെത്തിയ ആൾകൂട്ടം പാർട്ടി പ്രവർത്തകർ മാത്രമല്ലെന്നും ബിജെപി കണക്കുകൂട്ടുന്നു. 2024ലെ ലോക്സഭ തെരെഞ്ഞെടുപ്പിൽ ആൾകൂട്ടത്തെ വോട്ടാക്കിമാറ്റുകയാണ് അടുത്തലക്ഷ്യം. ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചർച്ചകൾ തുടരാനും യുവാക്കളെ ആകർഷിക്കുന്ന പദ്ധതികളുമായി മുന്നോട്ട് പോകാനുമാണ് സംസ്ഥാന നേതൃത്വത്തിനുള്ള കേന്ദ്രനിർദേശം.
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെയുണ്ടായ ഊർജം കൈമുതലാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ പ്രതിരോധം തീർക്കുകയാണ് എൽഡിഎഫും യുഡിഎഫും. യുവം കോൺക്ലേവിന് ബദലുമായി ഇരുമുന്നണികളും രംഗത്തെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ ആസ്ക് പിഎം മുദ്രാവാക്യമുയർത്തുമ്പോൾ രാഹുൽഗാന്ധിയെ പങ്കെടുക്കുന്ന വൻ പരിപാടിയാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.
ഒപ്പം ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചർച്ചകൾ സജീവമാക്കാനാണ് യുഡിഎഫ് എൽഡിഎഫ് മുന്നണികളിലെ ആലോചന. പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിൽ ചലനമുണ്ടാക്കില്ലെന്ന് ആവർത്തിക്കുമ്പോഴും പ്രതിരോധ നീക്കങ്ങൾ ശക്തമാക്കുകയാണ് എൽഡിഎഫും യുഡിഎഫും.
Story Highlights: BJP to turn PM Modi’s Kerala visit into vote bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here