ഇന്ത്യ കുതിക്കുന്നു, പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്; അനിൽ ആന്റണി

ഇന്ത്യ അതിവേഗം കുതിക്കുകയാണെന്നും പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ബിജെപി നേതാവ് അനിൽ കെ. ആന്റണി. പാർട്ടിയിൽ വന്നിട്ട് കുറച്ച് ആഴ്ചകളെ ആയിട്ടിള്ളൂ. ഏപ്രിൽ ആറ് മുതൽ പാർട്ടിക്കായി താൻ പ്രവർത്തിക്കുന്നുണ്ട്. ന്യൂനപക്ഷ വിരുദ്ധമായ പാർട്ടിയാണ് ബി ജെ പി എന്ന കുപ്രചാരണം കേരളത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ( India is growing Anil Antony praises pm Narendra Modi ).
കേരളത്തിലും ബി ജെ പി മുന്നേറുകയാണ്. രാഷ്ട്രീയവും കുടുംബവും വേറെ വേറെയാണ്. കോൺഗ്രസിൽ നിന്ന് ഒന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിനെ എല്ലാവരും തഴഞ്ഞ് കഴിഞ്ഞു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം.
ഐ.എം.എഫിന്റെ കണക്കനുസരിച്ച് ഇന്ന് ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ കുതിക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. പുൽവാമ വിഷയത്തിൽ നിലവിലെ ആരോപണം സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടാണ്.
‘പുൽവാമ വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പുൽവാമ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് മനസിലാക്കിയതുകൊണ്ടാണ് നമ്മുടെ വ്യോമസേന പ്രത്യാക്രമണം നടത്തിയത്. നിലവിൽ ആരോപണം ഉന്നയിച്ച വ്യക്തി മൂന്ന് ഗവർണർ സ്ഥാനം ഏറ്റെടുത്തു. ഇതേ കുറിച്ച് എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നെങ്കിൽ അങ്ങനെയൊരു സാഹചര്യം വരില്ലായിരുന്നു. അദ്ദേഹത്തിന് സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ട് മാറിനിന്ന് പറയുന്ന ആരോപണങ്ങളാണ് ഇത്’- അനിൽ കെ ആന്റണി പറഞ്ഞു.
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുൽവാമ വിഷയത്തിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാൽ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിന് കാരണം മോദി സർക്കാർ സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയും ഇന്റലിജൻസ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യ പാൽ മാലിക് ദ വയറിനോട് പറഞ്ഞിരുന്നു.
Story Highlights: India is growing Anil Antony praises pm Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here