ജേസൻ റോയ്ക്ക് ഫിഫ്റ്റി; ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 200 റൺസാണ് നേടിയത്. 29 പന്തിൽ 56 റൺസ് നേടിയ ജേസൻ റോയ് ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി വിജയകുമാർ വൈശാഖും വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തീപാറുന്ന തുടക്കമാണ് ജേസൻ റോയ് കൊൽക്കത്തയ്ക്ക് നൽകിയത്. ഒരുവശത്ത് നാരായൺ ജഗദീശൻ ടൈമിങ്ങ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ചിന്നസ്വാമിയിലെ ബാറ്റിംഗ് പാരഡൈസിൽ റോയ് വിസ്ഫോടനാത്‌മക ബാറ്റിംഗ് കാഴ്ചവച്ചു. ഷഹബാസ് അഹ്‌മദ് എറിഞ്ഞ ആറാം ഓവറിൽ 4 സിക്സർ അടക്കം 24 റൺസാണ് റോയ് അടിച്ചുകൂട്ടിയത്. വെറും 22 പന്തിൽ താരം ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ റോയുടെ സ്ട്രൈക്ക് റേറ്റ് ഇടിഞ്ഞു. കൃത്യമായ ലൈനുകളിൽ പന്തെറിഞ്ഞ ബാംഗ്ലൂർ ബൗളർമാർ ഏറെ വൈകാതെ 83 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചു. 29 പന്തിൽ 29 റൺസ് നേടിയ ജഗദീശനെ വിജയകുമാർ വൈശാഖ് ആണ് മടക്കിയത്. അതേ ഓവറിൽ തന്നെ റോയും പുറത്ത്.
മൂന്നാം വിക്കറ്റിൽ വെങ്കടേഷ് അയ്യരും നിതീഷ് റാണയും ഒത്തുചേർന്നു. തുടക്കത്തിൽ ബൗണ്ടറികൾ കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് സംഹാരരൂപം പൂണ്ട നിതീഷ് റാണ കൊൽക്കത്തയെ സുരക്ഷിതമായ സ്കോറിലേക്ക് നയിച്ചു. 80 റൺസ് ആണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 21 പന്തിൽ 48 റൺസ് നേടിയ റാണയെ പുറത്താക്കി വനിന്ദു ഹസരങ്ക ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതേ ഓവറിൽ തന്നെ വെങ്കടേഷ് അയ്യരെയും (26 പന്തിൽ 31) ഹസരങ്ക മടക്കി. ആന്ദ്രേ റസലിനെ (1) മുഹമ്മദ് സിറാജ് മടക്കി. അവസാന ഓവറുകളിൽ റിങ്കു സിംഗ് (10 പന്തിൽ 18), ഡേവിഡ് വീസ് (3 പന്തിൽ 12) എന്നിവർ ചേർന്നാണ് കൊൽക്കത്തയെ 200ലെത്തിച്ചത്.
Story Highlights: kkr innings rcb ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here